സോഷ്യല്‍ മീഡിയകളിലെ ആക്ഷേപട്രോളുകള്‍ക്കെതിരെ ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. വീടുകളിലെ സ്ത്രീ – പുരുഷ വിവേചനം ചൂണ്ടിക്കാട്ടിക്കൊണ്ട് നടി പറഞ്ഞ ‘പൊരിച്ച മീന്‍’ ഉദാഹരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ വന്ന ട്രോളുകളോട് പ്രതികരിക്കുകയാണ് റിമ.
ആ വിവാദം തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചു. എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല ഫിഷ് ഫ്രൈയുടെ കാര്യം പറയുന്നതെന്ന് അന്ന് വേദിയില്‍ വെച്ച് താന്‍ കൃത്യമായി പറഞ്ഞിരുന്നു എന്നും നടി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കായി സംസാരിക്കാന്‍ പോലും പറ്റാത്ത ഒരുപാട് സ്ത്രീകള്‍ക്കു വേണ്ടി കൂടി സംസാരിക്കാനാണ് താന്‍ വന്നത്. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണം ഉണ്ടെങ്കില്‍ പോലും അതും കൂടി അമ്മ എനിക്ക് തരുമായിരുക്കും. പക്ഷെ അപ്പോഴും അമ്മ അവിടെ കഴിക്കാതിരിക്കുകയാണ്. എല്ലാ വീടുകളിലും നടക്കുന്നത് ഇതുതന്നെയാണ്. അവര്‍ക്കും കൂടി വേണ്ടിയാണ് അവിടെ സംസാരിക്കുന്നതെന്നും വേദിയില്‍ പറഞ്ഞിരുന്നതായും റിമ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അത്തരമൊരു ഉദാഹരണത്തിലൂടെ താന്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് ആളുകള്‍ മനസിലാക്കിയില്ല എന്ന് റിമ വ്യക്തമാക്കി. ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയാണ് ഇപ്പോഴെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെപ്പറ്റി റിമ സംസാരിച്ചത്.
നാല് പേര്‍ ഇരിക്കുന്ന ഒരു ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കില്‍ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലുണ്ടാക്കിയത് തന്റെ മാതാപിതാക്കള്‍ തന്നെയാണ്. തുടര്‍ച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ താന്‍ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. തനിക്ക് കിട്ടിയില്ലല്ലോ എന്നേ താന്‍ വിചാരിക്കുകയുള്ളു. എന്നാല്‍ എന്റെ വീട് അങ്ങനെയല്ലായിരുന്നു. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള ഒരിടം തനിക്ക് വീട്ടിലുണ്ടായിരുന്നു. ഈ സമൂഹത്തില്‍ തന്നെ വളര്‍ന്നവരാണ് എന്റെ അച്ഛനും അമ്മയും. പക്ഷെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതെല്ലാം മാറ്റിയിട്ടുമുണ്ട്. അങ്ങനെയാണ് മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്നും റിമ വ്യകതമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here