മണിപ്പൂരിൽ കലാപം കത്തിപ്പടരുന്നു; സമാധാനം ഇനിയും അകലെ

വംശീയ കലാപം നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും മണിപ്പൂർ ആളികത്തുന്നു. മെയ്തേയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ് ഇപ്പോഴും. അതേ സമയം സമാധാനം പുന:സ്ഥാപിക്കാനുള്ള സർക്കാരിന്റെ ചർച്ചകൾ എങ്ങുമെത്തിയില്ല.

ഒൻപത് വർഷത്തെ മോദി ഭരണത്തിൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് വൻ വികസന കുതിപ്പുണ്ടായെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ 100 ദിവസമായി മണിപ്പൂർ കത്തിയമർന്നിട്ടും സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി മുതിർന്നിട്ടില്ല. 355ാംവകുപ്പുപയോഗിച്ച് സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ ശത്രുരാജ്യങ്ങളെ പോലെ പോരടിക്കുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ ഇരുന്നൂറോളം ജീവനുകൾ പൊലിഞ്ഞു. അറുപതിനായിരത്തിലധികം ആളുകൾ അഭയാർത്ഥികളായി. എഴുന്നുറോളം ക്രൈസ്‌തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു.

also read; മണിപ്പൂരില്‍ ഹിന്ദുസ്ഥാന്‍ കൊലചെയ്യപ്പെട്ടു; മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നിരവധി സ്കൂളുകളും വീടുകളും അഗ്നിക്കിരയാക്കി. സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കുകയും ചെയ്യുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിൽ നേരിട്ട് എത്തിയിട്ടും സംഘർഷങ്ങൾക്ക് ശമനമുണ്ടായില്ല. അതിനിടെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ രാജിനാടകവും മണിപ്പൂർ ജനത കണ്ടു. കോടതിയടക്കം വിമർശിച്ചിട്ടും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മോദി സർക്കാരും ബിജെപി നേതൃത്വവും സംരക്ഷിക്കുകയാണ്‌. ബിരേൻ സിങ്ങിനെ മാറ്റാതെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പറഞ്ഞിട്ടും മോദിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. മണിപ്പൂരിൽ ഭരണവാഴ്‌ച പൂർണമായും തകർന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും സുപ്രീംകോടതിയും തുറന്നടിച്ചു. സംഘർഷത്തിൽ പ്രതിഷേധം ആളിക്കത്തിയേടെ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം തുടങ്ങിയെങ്കിലും ഇരുവിഭാഗങ്ങളെയും ഒരുമിപ്പിച്ച് ചർച്ച നടത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. സ്വയം ഭരണ പ്രദേശം വേണമെന്ന ആവശ്യത്തിൽ കുക്കികളും മണിപ്പൂരിനെ വിഭജിക്കരുത് എന്ന ആവശ്യത്തിൽ മെയ് തേയ്കകളും ഉറച്ച് നിൽക്കുന്നു.

also read; ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിക്കുന്നത് തുടരും; അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News