ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടുന്നതിനായി മമ്മൂട്ടിയുമായി മല്‍സരിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഋഷഭ് ഷെട്ടി. വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതു വരെ അക്കാര്യം വിശ്വസിച്ചിരുന്നില്ലെന്ന് പറഞ്ഞ ഋഷഭ് ഷെട്ടി, മികച്ച നടനായി തന്നെ തിരഞ്ഞെടുത്തതിന് ജൂറിയ്ക്ക് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും മത്സരത്തിന് മമ്മൂട്ടിയുടെ സിനിമകള്‍ ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും പറഞ്ഞു.
വിഷയത്തില്‍ ഋഷഭ് ഷെട്ടി നടത്തിയ പ്രതികരണം ഇങ്ങനെയാണ്: ‘ സമൂഹമാധ്യമത്തില്‍ അത്തരം വാര്‍ത്തകള്‍ കണ്ടിരുന്നു. എന്നാല്‍, മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. ജൂറിയുടെ മുന്‍പിലുള്ളത് ഏതൊക്കെ ചിത്രങ്ങളാണെന്ന് എനിക്ക് അറിയില്ല. മമ്മൂട്ടി സര്‍ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി എനിക്കില്ല. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ മത്സരത്തിനുണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു’. ‘ഞാന്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ല. പലരും എനിക്കാണ് അവാര്‍ഡെന്ന് പറഞ്ഞെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ ജൂറി അതു പ്രഖ്യാപിക്കുന്നതു വരെ ഞാന്‍ അക്കാര്യം വിശ്വസിച്ചില്ല’. പുരസ്‌കാര വാര്‍ത്ത അറിഞ്ഞ് എന്റെ ഭാര്യയാണ് ആദ്യം എന്നെ അഭിനന്ദിക്കുന്നത്. കാന്താരയിലെ കഥാപാത്രത്തെ ജൂറി വിലയിരുത്തി അതു തിരഞ്ഞെടുത്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജൂറിക്ക് സിനിമ ഇഷ്ടപ്പെട്ടു. അതിന് അവര്‍ക്ക് കാരണങ്ങളുണ്ടാകാം. ജൂറിക്ക് നന്ദി,- ഋഷഭ് ഷെട്ടി പറഞ്ഞു.
ALSO READ: പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ
അതേസമയം, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മമ്മൂട്ടിയുടെ ഒരു സിനിമയും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്ന് സംവിധായകനും ദേശീയ അവാര്‍ഡ് ജൂറി അംഗവുമായ എം.ബി. പദ്മകുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും’ ദേശീയ ചലച്ചിത്ര അവാര്‍ഡിനായി ജൂറിയ്ക്കു മുന്‍പില്‍ എത്തിയിട്ടില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി അയച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഇല്ല. അവര്‍ ഈ ചിത്രങ്ങള്‍ പുരസ്‌കാരത്തിനായി അയച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. പുരസ്‌കാരത്തിനായി മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ തലേന്നു വരെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. അതിനിടെയാണ് അവാര്‍ഡിനായി 2022ല്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങള്‍ മത്സര രംഗത്തേക്ക് എത്തിയിട്ടില്ലെന്ന് ജൂറി അംഗം വെളിപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here