വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിയ്ക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിരുന്നു. പനി കേസുകള്‍ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Also Read: ഹിറ്റായി മാരുതി സുസുകി എസ്‌യുവികൾ, നേടുന്നത് മികച്ച വില്പന
ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവര്‍ത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിയ്ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണം. ഡെങ്കിപ്പനിയെക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ക്യാമ്പുകളില്‍ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആരോഗ്യ ജാഗ്രത ഏറെ പ്രധാനം
വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ വര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകള്‍ (200 മില്ലി ഗ്രാം) ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭ്യമാണ്.
Also Read: ‘കുച്ച് കുച്ച് ഹോത്താ ഹേ’ 25 വർഷങ്ങൾ; നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍
എലി, പട്ടി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും മറ്റ് വിസര്‍ജ്യങ്ങളും കലര്‍ന്ന വെള്ളത്തിലൂടെയാണ് മനുഷ്യരിലേക്ക് എലിപ്പനി പകരുന്നത്. കൈകാലുകളിലെയും, മറ്റ് ശരീര ഭാഗങ്ങളിലെയും മുറിവുകള്‍, കണ്ണിലെയും വായിലെയും നേര്‍ത്ത തൊലി എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്. വെളളവുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് എലിപ്പനി സാധ്യത വെളിപ്പെടുത്തുകയും ചികിത്സ തേടുകയും വേണം. സ്വയം ചികിത്സ പാടില്ല. തുടക്കത്തിലെ ശരിയായ ചികിത്സ ലഭിച്ചാല്‍ എലിപ്പനി ഭേദമാക്കാന്‍ കഴിയും. ചികിത്സ താമസിച്ചാല്‍ രോഗം സങ്കീര്‍ണ്ണമാകുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരികെ വീട്ടിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.
· കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക
· മലിനമായ കിണറുകള്‍, ടാങ്കുകള്‍ കുടിവെള്ള സ്രോതസുകള്‍ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുക
· വീടുകളിലെ ഇലക്ടിക് ഉപകരണങ്ങള്‍ ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക
· ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക
· ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന പാത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം കൊണ്ട് കഴുകുക
· പാചകം ചെയ്യാന്‍ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക
· തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
· വീടിന് പുറത്തിങ്ങുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുക
· കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് പെരുകുന്നതിനുള്ള സാധ്യതയുണ്ട്
· ശുചീകരണം നടത്തുമ്പോള്‍ വിഷപ്പാമ്പുകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. കടിയേറ്റാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here