അമേഠിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും രംഗത്ത്. അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് വാദ്ര വ്യക്തമാക്കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട മണ്ഢലമാണ് അമേഠി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ അമേഠി ആദ്യം പരിഗണിക്കുമെന്നും,വർഷങ്ങളോളം അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം കഠിനാധ്വാനം ചെയ്തുവെന്നും റോബർട്ട് വാദ്ര പറഞ്ഞു.
അമേഠി സീറ്റിൽ താല്പര്യം പ്രകടിപ്പിച്ച് റോബർട്ട് വാദ്ര രംഗത്ത് വന്നത് കോൺഗ്രസിൽ ചർച്ചയാകുമെന്നുറപ്പാണ് . അമേഠിയിലെ ജനങ്ങൾ തന്നെ പ്രതീക്ഷിക്കുന്നെന്ന് വാദ്ര ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിറ്റിംഗ് എം.പി യുടെ ഭരണത്തിൽ അമേഠി വീർപ്പ് മുട്ടുന്നെന്നും വാദ്ര കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ കോൺഗ്രസിൻ്റെ സ്വാധീന മണ്ഡലമായ അമേഠിയിൽ പാർട്ടി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന നിലപാട് പിസിസി സ്വീകരിക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര അമേഠിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നത്. ഇക്കുറി സ്മൃതി ഇറാനിയിൽ നിന്ന് മണ്ഢലം തിരികെ പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിൻ്റെ പ്രവർത്തനം . കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന് സഖ്യകക്ഷിയായ സമാജ് വാദി പാർട്ടിയും കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here