സനോജ് സുരേന്ദ്രൻ
റോബിൻ ബസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നഗ്നമായ നിയമലംഘനം എന്തോ വീരകൃത്യമാണെന്ന് സ്ഥാപിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. അത് പൂരപറമ്പിലെ ആൾകൂട്ടം പോലെ ചെണ്ടമേളം കഴിയുമ്പോൾ പിരിഞ്ഞ് പോകുമെന്ന കാര്യത്തിൽ തർക്കമില്ല. കാരണം കാര്യങ്ങൾ വൈകിയാണെങ്കിലും പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ വിദ്യാർത്ഥി പ്രവർത്തന കാലഘട്ടത്തിൽ ഗുണ്ടായിസം കൊണ്ട് സർവ്വീസ് നടത്തിയിരുന്ന രണ്ട് ബസുടമകളായിരുന്നു റോബിനും, ശരണ്യയും. കാഞ്ഞിരപ്പുളളി – ഇരാറ്റുപേട്ട റൂട്ടിൽ ചെറുകിട ബസുടമകളെ ഭീഷണിപ്പെടുത്തിയായിരുന്നു റോബിന്റെ മത്സരയോട്ടം. ഈ മത്സര ഓട്ടം മൂലം വിദ്യാർത്ഥികൾ കൺസഷൻ നൽകാതിരിക്കുന്നതിൽ ഇരുവർക്കും യോജിപ്പായിരുന്നു. ബസിന്റെ വാതിൽ പടിയിൽ വാഹനം എടുക്കുന്നതുവരെ കാവൽ നിറുത്തിയിട്ടായിരുന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിൽ നിന്നും വിദ്യാർത്ഥികളെ ആ കാലത്ത് കയറ്റിയിരുന്നത്. അന്ന് എസ്എഫ്ഐ നടത്തിയ സമരത്തെ തുടർന്നാണ് ആ സമ്പ്രദായം അവസാനിപ്പിച്ചത്. ഇതിനിടയിൽ ശരണ്യയും, റോബിനും തമ്മിൽ കൊമ്പുകോർക്കുന്നതും പതിവായിരുന്നു. അങ്ങനെയുള്ള മത്സര ഓട്ടത്തിനിടയിലാണ് റോബിൻ ബസിന്റെ ഉടമ ഗീരിഷിന് അപകടം സംഭവിക്കുന്നത്.
Also Read; പെട്രോള്‍ പമ്പില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ കേസ്; 3 പേര്‍ പൊലീസ് പിടിയില്‍
ആ കാലത്ത് ഇരാറ്റുപേട്ട ബസ് സ്റ്റാന്റിൽ റോബിൻ ബസ് ജീവനക്കാരും, ശരണ്യബസ് ജീവനക്കാരും തമ്മിൽ സമയത്തെ ചൊല്ലിയുള്ള വാക്കുതർക്കം കൈയ്യാങ്കളിയിലായിരുന്നു അവസാനിച്ചിരുന്നത്. ഒരു ദിവസം സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ, ശരണ്യയെ പാഠം പഠിപ്പിക്കാൻ റോബിൻ ബസിന്റെ ഉടമ ഗിരീഷ് തന്നെ നേരിട്ടിറങ്ങി. ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങിയ ശരണ്യയെ ഗിരീഷ് സ്വന്തം ബൈക്കിൽ പിന്തുടർന്നു. മേലുകാവിന് സമീപം ബസ്സിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ എതിരെ ഓട്ടോറിക്ഷ വരുന്നു. ഓട്ടോറിക്ഷ വരുന്നത് കണ്ടിട്ടും ബസ്സിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമമാണ് റോബിൻ ബസ് ഉടമ നടത്തിയത്. ഈ സമയം വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ശരണ്യ ബസ്സിന്റെ ഡ്രൈവറും തയ്യാറായില്ല. ഇതിനിടയിൽ ഗിരീഷിന്റെ ബൈക്ക് ഒട്ടോയുമായി കൂട്ടിയിടിച്ചു. സങ്കടകരം എന്ന് പറയട്ടെ അപകടത്തെ തുടർന്ന് ദീർഘകാലം കിടപ്പിലായ റോബിൻ ബസ്സുടമ ഊന്നു വടിയുടെ സഹായത്തോടെയാണ് എഴുന്നേറ്റ് നടന്നത്.
എല്ലാകാലത്തും പൊതുജന പിന്തുണ നേടുവാൻ പൊടിക്കൈകളുമായി റോബിൻ ബസുടമ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാർഥികൾക്ക് കൺസഷൻ കൊടുക്കാതിരിക്കുമ്പോൾ പൊതുജനത്തെ കയ്യിലെടുക്കാൻ വർധിപ്പിച്ച കൂലി വാങ്ങാതെയും ഇരുന്നിട്ടുണ്ട്. അത്തരമൊരു സംഭവമാണ് പണ്ട് നടന്നത്. കേരളത്തിലെ സ്വകാര്യ ബസ്സുകൾ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നു. എന്നാൽ തനിക്ക് കൂലി വർധനത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് സമരത്തിനെതിരായി റോബിൻ ബസുകൾ സർവീസ് നടത്തി. ബസുടമകളുടെ സമരത്തെ തുടർന്ന് അന്നത്തെ സർക്കാർ ബസ് നിരക്ക് വർധിപ്പിച്ചു. എന്നാൽ വർധിപ്പിച്ച കൂലി വാങ്ങാതെ റോബിൻ കുറച്ചുകാലം കൂടി സർവീസ് നടത്തിയെങ്കിലും പിന്നീട് എല്ലാവരും വാങ്ങുന്ന മിനിമം പതിയെ, പതിയെ വാങ്ങി തുടങ്ങി. ഇപ്പോൾ കേരളത്തിലെ എല്ലാ ബസ്സുകളിലെയും നിരക്ക് തന്നെയാണ് റോബിൻ ബസ്സും ഈടാക്കുന്നത്.
Also Read; തൃശൂര്‍ സ്‌കൂളിലെ വെടിവയ്പ്പ്; ഉപയോഗിച്ചത് എയര്‍ഗണ്‍ അല്ലെന്ന് മേയര്‍, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്
നിയമലംഘനത്തിന്റെ മറ്റൊരു കഥയുമുണ്ട് റോബിന്. കേരളത്തിലെ എല്ലാ സ്വകാര്യ ബസ്സുകൾക്കും കളർകോഡ് നടപ്പിലാക്കിയിട്ട് വർഷം കുറച്ചായി. രാവിലെ എരുമേലിയിൽ നിന്നും പുറപ്പെട്ട് എന്റെ വീടിന്റെ മുൻപിൽ പുലർച്ചെ 5.45 എത്തുന്ന റോബിന്റെ എറണാകുളം സർവീസുണ്ട്. ആ ബസ്സിൽ ഇക്കാലമത്രയും കളർകോഡ് നടപ്പിലാക്കിയിട്ടില്ല. കേരളത്തിൽ കളർകോഡ് നടപ്പാക്കാത്ത ഏക ബസും ഇതുതന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നത്.
ഇപ്പോൾ പൊതുജനത്തിന്റെ കയ്യടി നേടാൻ നടത്തുന്നതും മറ്റൊരു തട്ടിപ്പാണ്. പണമുള്ളവർ റോബിൻ ബസ് ഉടമയെ പോലെ ബസ്സുമായി നിരത്തിലിറങ്ങിയാൽ നമ്മുടെ പൊതു ഗതാഗത സംവിധാനത്തിന് അവസ്ഥ എന്താവും. വിദ്യാർഥികൾക്ക് കൺസഷൻ കിട്ടില്ലെന്ന് മാത്രമല്ല അവർ അവർക്ക് തോന്നുംപോലെ കൂലിയും ഇടാക്കും. അതോടെ നമ്മുടെ പൊതു ഗതാഗത സംവിധാനം ഇല്ലാതാവും. അത്തരക്കാരാണ് കെഎസ്ആർടിസി നശിക്കണമെന്നും, റോബിൻ ബസ് നിയമവിരുദ്ധ ഓട്ടം തുടരണമെന്നും ആഗ്രഹിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here