‘റോമിന് പേര് കിട്ടിയത് റാമില്‍ നിന്ന്’, സ്വാമി അമോഘിനെ ട്രോളി സോഷ്യല്‍ മീഡിയ

ഒടുവില്‍ റോമിന്റെ പേരിനും ഇന്ത്യന്‍ പൗരാണികതയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചിരിക്കുകയാണ് സ്വാമി അമോഘ് ലീല പ്രഭു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ പേര് ഉരുത്തിരിഞ്ഞത് ശ്രീരാമനില്‍ നിന്നാണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.

നാസിക എന്നതിനെ നോസ് എന്ന് ഇംഗ്ലീഷിലേക്ക് മാറ്റിയത് പോലെയാണ് റാമിനെ റോമാക്കി മാറ്റിയതെന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന പ്രഭാഷണത്തില്‍ സ്വാമി പറയുന്നത്. ബിസി 753 ഏപ്രില്‍ 21-നാണ് റോം സ്ഥാപിക്കപ്പെട്ടതെന്നും, അന്ന് രാമനവമിയായിരുന്നെന്നും പ്രഭാഷണത്തില്‍ സ്വാമി പറയുന്നുണ്ട്. ഇറ്റലിയിലെ റവന്ന എന്ന നഗരത്തിന്റെ പേരിന് രാവണനുമായി ബന്ധമുണ്ടെന്ന കണ്ടുപിടുത്തവും സ്വാമിയുടെ പ്രഭാഷണത്തിലുണ്ട്. റവന്നയും റോമും ഇറ്റലിയുടെ ഇരുവശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും പൂര്‍ണ്ണമായും നേരെ എതിര്‍വശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന അവകാശവാദവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഈ നഗരങ്ങളിലൊന്ന് രാമന്റെയും മറ്റൊന്ന് രാവണന്റെയും പ്രതീകമാണെന്നാണ് സ്വാമി അവകാശപ്പെടുന്നത്.

ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ച് സ്വാമിക്കെതിരെ വിമര്‍ശനുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ‘ഹേയ് റാം, ദയവ് ചെയ്ത് ഓര്‍ക്കുക.. റോമിന്റെ പേര് റാമില്‍ നിന്ന് വന്നതല്ല. ലോകത്തിലുള്ളതെല്ലാം നമ്മില്‍ നിന്നാണ് വരുന്നതെന്ന ബാലിശമായ ഫാന്റസിയില്‍ നിന്ന് ഹിന്ദുക്കളായ നമ്മള്‍ എപ്പോഴാണ് കരകയറുക’ എന്ന രാഹുല്‍ ഈശ്വറിന്റെ കമന്റും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.

ചില്ലറക്കാരനൊന്നുമല്ല സ്വാമി അമോഘ് ലീല പ്രഭുവെന്നാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ബയോ സൂചിപ്പിക്കുന്നത്. സന്ന്യാസി, ആത്മീയ ശിക്ഷകന്‍, ന്യൂഡല്‍ഹി ദ്വാരക ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റ്, കോര്‍പ്പറേറ്റ് ഉപദേശകന്‍, യുവജനങ്ങളുടെ കൗണ്‍സിലര്‍ എന്നിങ്ങനെ നീളുന്നതാണ് സ്വാമിയുടെ പ്രൊഫൈല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News