ബിജു മുത്തത്തി
ആഗോള സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ആവേശമായ റോസാ ലക്സംബര്‍ഗിന്‍റെ 106-ാം രക്തസാക്ഷിത്വദിനമാണ് ഇന്ന്.ലോകത്തെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ ചരിത്രത്തില്‍ അത്യുന്നത സ്ഥാനമാണ് റോസാ ലക്സംബര്‍ഗിന്. തൊഴിലാളി വർഗ വിപ്ലവത്തെയും സ്ത്രീ വിമോചനത്തെയും പരസ്‌പരം കണ്ണി ചേർത്ത മഹാവിപ്ലവകാരിയായാണ് റോസ വാഴ്ത്തപ്പെടുന്നത്.
സ്വന്തം ജീവരക്തം കൊണ്ടുകൂടിയാണ് റോസ ലക്സംബര്‍ഗ് ചരിത്രത്തില്‍ ചുവന്നുതുടുത്തത്. 1871 മാർച്ച് അഞ്ചിന് പോളണ്ടിൽ ജനിച്ച റോസ ചെറുപ്പം തൊട്ടേ ബുദ്ധികൊണ്ടും ധീരതകൊണ്ടും ഒരു തീക്കനലായിരുന്നു. നിരോധിക്കപ്പെട്ട പൊളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അവള്‍ ആളിപ്പടര്‍ന്നു. അക്കാലത്ത് പോളണ്ടിലെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമായതിനാൽ റോസയുടെ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് പലയാനം ചെയ്തു. യുദ്ധാനന്തരം ജര്‍മനിയിലേക്ക് പറിച്ചു നടപ്പെട്ട റോസ അവിടെയും വിപ്ലവത്തിന്‍റെ സുഗന്ധം പരത്തി. ജര്‍മനിയില്‍ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി റോസ ഒരുപോലെ ശബ്ദമുയര്‍ത്തി.
തൊഴിലാളി വര്‍ഗവിപ്ളവത്തിലൂടെയല്ലാതെ സ്ത്രീവിമോചനം സാധ്യമല്ലെന്ന് ഉറച്ചു വിശ്വസിച്ച സോഷ്യലിസ്റ്റ് ഫെമിനിസ്റ്റായിരുന്നു റോസ. സ്പാര്‍ട്ടക്കസ് ലീഗ് രൂപീകരിച്ച് റോസയും സഖാക്കളും ജര്‍മ്മനിയില്‍ സോവിയറ്റ് മാതൃകയില്‍ നടത്തിയ വിപ്ലമുന്നേറ്റങ്ങളെ സാമ്രാജ്യത്വം അടിച്ചമര്‍ത്തി. റോസയുടെ തല തോക്കിന്‍റെ പാത്തികൊണ്ട് അടിച്ചു തകര്‍ത്താണ് ജര്‍മ്മന്‍ പട്ടാളം ആ തലച്ചോറിനോടുള്ള കലി തീര്‍ത്തത്. 1919 ജനുവരി15ന് ബർലിൻ നഗരത്തിന്‍റെ ആഴമേറിയ അഴുക്കുചാലിലേക്ക് പട്ടാളം ആ മഹാദാര്‍ശനികയെ വലിച്ചെറിഞ്ഞപ്പോള്‍ ബര്‍ത്രോള്‍ഡ് ബ്രഹ്ത് ഇങ്ങനെ പാടി: അവള്‍ ചെറിയ അരുവികളിൽ നിന്ന് വലിയ നദികളിലേക്ക് നീന്തും. എല്ലാ കാലത്തും വലിയ സ്വപ്നങ്ങളിലേക്ക് നീന്താനാവുന്ന കമ്മ്യൂണിസത്തിന്‍റെ സ്വയം വെട്ടിത്തെളിച്ച ഒരു ചിന്താധാരയായിരുന്നു റോസ ലക്സംബര്‍ഗ്.
മുതലാളിത്തത്തിന്‍റെ മാത്രമല്ല മാര്‍ക്സിസത്തിന്‍റെ മറവിലെയും എല്ലാതരം സമഗ്രാധിപത്യത്തെയും റോസ അതിശക്തമായി വെല്ലുവിളിച്ചു. ഒരു സാര്‍വദേശീയ പാര്‍ട്ടിയെന്ന ലെനിന്‍റെ ആശയത്തെ ആദ്യം എതിര്‍ത്തത് റോസാ ലക്സംബര്‍ഗാണ്. പര്സ്പരം വിമർശിക്കുമ്പോഴും ലെനിന്‍ തൊഴിലാളി വർഗത്തിന്‍റെ വഴികാട്ടിയെന്നാണ് റോസയെ വിശേഷിപ്പിച്ചത്.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സോവിയറ്റ് കമ്മ്യൂണിസത്തില്‍ അന്തർലീനമായ അപകടങ്ങളെ മുൻകൂട്ടി കണ്ട തത്വചിന്തകയായി തന്നെ റോസാ ലക്സ്ംബര്‍ഗിനെ വിലയിരുത്തണം. ആവേശമാണ് ആ സ്മരണ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here