റുലാഡിൻ ,പേരുപോലെ തന്നെ രുചിയിലും വൈവിധ്യങ്ങൾ നിറഞ്ഞ ജർമൻ ഭക്ഷണ വിഭവമാണ് റുലാഡിൻ. ജർമൻ ഊണുമേശയിൽ കറിയുടെയും സൂപ്പിന്റെയും എല്ലാം സ്ഥാനത്ത് വിളമ്പുന്ന ഒരു വിഭവം കൂടിയാണ് റുലാഡിൻ. പണ്ട് ഞായറാഴ്ചകളിലും വിശേഷ അവസരങ്ങളിലും മാത്രം ജർമ്മൻ അടുക്കളയിൽ ഉണ്ടാക്കിയിരുന്ന ഈ വിഭവം ഇപ്പോൾ ഏതുനേരത്തും എപ്പോഴും ജർമനിയിൽ ലഭിക്കുന്ന ഒന്നായി മാറി.
ALSO READ:ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ കമ്പനി നിങ്ങളെ കൈവിടില്ല; ജോലിയില്‍ മുന്നേറാം ഈസിയായി
ഈ വിഭവത്തിന്റെ ഉത്ഭവ രാജ്യത്തെ ചൊല്ലി പല തർക്കങ്ങൾ ഉണ്ടെങ്കിലും യൂറോപ്പിൽ നിന്നുള്ള ഒരു ഐറ്റമാണിത് എന്നതിൽ ആർക്കും സംശയമില്ല. ഫ്രഞ്ച് വിഭവമായുള്ള സാമ്യം കൊണ്ട് തന്നെ റോള്‍ ചെയ്തെടുക്കുക എന്നർത്ഥം വരുന്ന റൗളർ എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് റൂലാഡിന് ഈ പേര് വന്നത് എന്നാണ് കരുതപ്പെടുന്നത്.
ബീഫ് അല്ലെങ്കിൽ പോർക്ക് മാംസം ഉപയോഗിച്ചാണ് റുലാഡിൻ നിർമിക്കുന്നത്. ഒരു പേപ്പർ ഷീറ്റ് പോലെ മുറിച്ചെടുത്ത മാംസം നന്നായി അടിച്ചു പരത്തി സോഫ്റ്റാക്കും. ശേഷം ഈ മാംസം ഉപ്പും കുരുമുളകും വിതറി കടുക് അരച്ചത് തേച്ച് സവാളയൊക്കെ വച്ച് റോൾ ചെയ്തെടുക്കും.
ഓരോ പ്രദേശത്തെയും രുചിവ്യത്യസങ്ങൾക്കനുസരിച്ച് ഉള്ളിൽ വയ്ക്കുന്ന ചേരുവകളിലും വ്യത്യാസമുണ്ടാകും. ചിലയിടങ്ങളിൽ അരച്ചെടുത്ത ബീഫ് അല്ലെങ്കിൽ ചിക്കൻ എന്നിവയാണ് ചേർക്കുന്നത്. ഈ റോൾ ചെയ്തെടുത്ത മാംസം ഒരു നൂൽ ഉപയോഗിച്ച് മുറുക്കി കെട്ടിവച്ച ശേഷം അതിനുമുകളിൽ അല്പം ഉപ്പു കൂടി വിതറിയാണ് വേവിക്കാൻ വയ്ക്കുന്നത്. വെള്ളവും സോയാസോസും വെണ്ണയും ചിലപ്പോൾ പച്ചക്കറിയും എല്ലാം ചേർത്ത് ഗ്രേവിയിലാണ് ഇത് വേകുന്നത്. അതുകൊണ്ട് തന്നെ റൂലാഡിന്റെ ഗ്രേവിക്കും ആസ്വാദകർ ഏറെയാണ്.
ചേരുവകളുടെ വ്യത്യസ്തമനുസരിച്ച് ജർമനിയിലെ ഓരോ പ്രദേശത്തും പല പേരുകളാണ് ഈ വിഭവത്തിന് നൽകിയിട്ടുള്ളത്. ബീഫ് ഉപയോഗിച്ച് തയ്യാറാക്കുമ്പോൾ റിൻഡർ റൂലാഡിൻ എന്നും ക്യാബേജ് റോളുകൾക്കൊപ്പം വിളമ്പുമ്പോൾ കോൾ റുലാഡിൻ എന്നും ഇത് അറിയപ്പെടുന്നു. നന്നായി വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ആണ് ഇതിനൊപ്പം സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here