മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹവിവാഹത്തിന് മുന്നോടിയായി നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്തിയത് വിവാദത്തില്‍. 219 പേരെയാണ് ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതോടെ വിവാഹം മുടങ്ങി. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗര്‍ഭ പരിശോധനയ്ക്ക് ഉത്തരവിട്ടത് ആരാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനയ്ക്ക് കീഴിലുള്ള സമൂഹവിവാഹം ഡിന്‍ഡോറിയിലെ ഗദ്‌സരായ് ഏരിയയിലാണ് നടന്നത്. വിവാഹത്തിന് മുന്നോടിയായി ഗര്‍ഭ പരിശോധന നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നതായി യുവതികള്‍ പറയുന്നു. വിവാഹം തീരുമാനിച്ചതിന് ശേഷം താന്‍ പ്രതിശ്രുത വരനൊപ്പം താമസിച്ചിരുന്നുവെന്ന് ഗര്‍ഭപരിശോധനാ ഫലം പോസിറ്റീവായ സ്ത്രീകളില്‍ ഒരാള്‍ പറയുന്നു. ഗര്‍ഭിണിയായതോടെ വിവാഹത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് താന്‍ പുറത്തായെന്നും അവര്‍ പറയുന്നു. മുന്‍പ് ഇത്തരത്തില്‍ പരിശോധന നടന്നിരുന്നില്ലെന്നാണ് ബച്ചന്‍ഗാവ് ഗ്രാമത്തിലെ സര്‍പഞ്ച് മേധാവി മറാവി പറയുന്നത്. സംഭവം പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും അപമാനമുണ്ടാക്കിയെന്നും സര്‍പഞ്ച് മേധാവി പറയുന്നു.
സാധാരണയായി പ്രായം സ്ഥിരീകരിക്കുന്നതിനും അനീമിയയും ശാരീരിക ക്ഷമതയും പരിശോധിക്കുന്നതിനുമാണ് പരിശോധനകള്‍ നടത്തുന്നതെന്ന് ഡിന്‍ഡോറിയിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. രമേഷ് മറാവി പറഞ്ഞു. സംശയമുള്ള ചില പെണ്‍കുട്ടികളില്‍ ഗര്‍ഭപരിശോധന നടത്താന്‍ ഉന്നത അധികാരികളാണ് നിര്‍ദേശം നല്‍കിയത്. തങ്ങള്‍ പരിശോധന നടത്തി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്തത്. പെണ്‍കുട്ടികളെ സമൂഹ വിവാഹ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പാണ് തീരുമാനമെടുത്തതെന്നും ഡോ. രമേഷ് മറാവി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് രംഗത്തെത്തി. വാര്‍ത്തയില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് തനിക്ക് മുഖ്യമന്ത്രിയില്‍ നിന്ന് അറിയണമെന്ന് കമല്‍ നാഥ് പറഞ്ഞു. വാര്‍ത്ത സത്യമാണെങ്കില്‍ ഇത്തരത്തില്‍ ഒരു പരിശോധനയ്ക്ക് ആരാണെന്ന് ഉത്തരവിട്ടതെന്ന് വ്യക്തമാക്കണം. പാവപ്പെട്ടവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുമായ പെണ്‍കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കണ്ണില്‍ മാന്യതയില്ലേ? സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ മധ്യപ്രദേശ് ഇതിനകം തന്നെ രാജ്യത്ത് ഒന്നാമതാണെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here