റോയല്‍ എന്‍ഫീല്‍ഡിന്‍റെ ‘കൊലകൊമ്പന്‍’ ഉടനെത്തും, സാഹസിക യാത്രികരുടെ കാത്തിരിപ്പ് അവസാനിക്കുന്നു

സാഹസിക യാത്രികരുടെ ഏറ്റവും പ്രയപ്പെട്ട ഇരുചക്ര വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ്  ഹിമാലയന്‍. സെഗ്മെന്‍റിലെ  ഒറ്റയാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഹിമാലയന്‍ ലുക്കിലും വര്‍ക്കിലും പുലിയാണ്. കൂട്ടത്തിലുള്ളവരെ മുട്ടിച്ച് നോക്കുമ്പോള്‍ വിലയും കുറവ്. അങ്ങനെ ഹിമാലയന്‍  റൈഡര്‍മാരുടെ ഹൃദയത്തില്‍ കുടിയേറി നില്‍ക്കുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ്. പവറും പെര്‍ഫോമെന്‍സും ഫീച്ചറുകളെല്ലാം ആവോളം അധികമൊരുക്കി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ഉടന്‍ അവതരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ അവസാന വട്ട പരീക്ഷണം  ഓസ്ട്രിയയിൽ നടക്കുകയാണെന്നാണ് വിവരം. വരും മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹിമാലയന്‍ ഒറ്റയാന്‍ ആണെങ്കില്‍ ഹിമാലയന്‍ 450 കൊലകൊമ്പനാണ്. ഇരുവരും തമ്മില്‍  കേള്‍ക്കുമ്പോള്‍ 50 സിസിയുടെ വ്യത്യാസമേ ഉളളു എന്നു തോന്നുമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല. 450 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനിലാണ് റോയൽ എൻഫീൽഡ് പുതിയ ഹിമാലയൻ കരുത്ത് പകരുന്നത് . ഇത് 40 ബിഎച്ച്പിയും 45 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും കൂടാതെ ആറ് സ്പീഡ് ഗിയർബോക്സും. ടാക്കോമീറ്റർ, സ്പീഡോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ട്രിപ്പ് മീറ്റർ, ഫ്യൂവൽ ലെവൽ റീഡൗട്ട് എന്നിവയും വിവിധ റീഡ്ഔട്ടുകൾ ഉൾക്കൊള്ളുന്ന സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് കൺസോളും വരാനിരിക്കുന്ന ഹിമാലയനില്‍ ഉണ്ടാകും.

ഓക്സിലറി ലൈറ്റുകൾ, പാനിയർ മൗണ്ടുകളുള്ള സൈഡ് പാനിയറുകൾ, ഒരു ടോപ്പ് ബോക്സ് എന്നിവ പോലുള്ള ആക്സസറികളും ഈ മോഡലില്‍ ഉണ്ട്. നിലവിലുള്ള ഹിമാലയത്തേക്കാൾ വലുതായി കാണപ്പെടുന്ന ബൾബസ് ഇന്ധന ടാങ്ക് ഇതിനുണ്ട്. സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഡ്യുവൽ പർപ്പസ് ട്യൂബ് ടയറുകളുള്ള വയർ-സ്പോക്ക് വീലുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ഉണ്ടാകും. റൈഡ് മോഡുകളും റൈഡ്-ബൈ-വയറും ത്രോട്ടിലും ഉണ്ടായേക്കും.

ത്രീ-ഇൻ-വൺ ടെയ്‌ലാമ്പ് സജ്ജീകരണം ഉൾപ്പെടെ നിരവധി സെഗ്‌മെന്റ്-ആദ്യ ഫീച്ചറുകൾ റോയൽ എൻഫീൽഡ് ഹിമാലയൻ 450-ന് ഉണ്ടായിരിക്കും.  ടേൺ സിഗ്നലുകളും ഇൻഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റും ആയി പ്രവർത്തിക്കുന്ന രണ്ട് എല്‍ഇഡി ഫ്ലാഷറുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റവും യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളുമായി വരുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോഡല്‍ കൂടിയാണിത്. അഡ്വഞ്ചര്‍ സ്വഭാവം കാരണമാണ് ഹിമാലയൻ 450 ലോംഗ്-ട്രാവൽ യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളും മോണോഷോക്കും ലഭിക്കുന്നത്. അതേസമയം ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ എബിഎസ് ഉള്ള ഫ്രണ്ട്, റിയർ ഡിസ്‍ക് എന്നിവയും ഉൾപ്പെടും. ബ്ലോക്ക് പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ സ്‌പോക്ക് വീലുകൾ ബുള്ളറ്റില്‍ സജ്ജീകരിക്കും.

ഏകദേശം 2.70 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലായിരിക്കും വാഹനം എത്തുക. കെടിഎം 390 അഡ്വഞ്ചർ , ബിഎംഡബ്ല്യു ജി 310 ജിഎസ് , യെസ്ഡി അഡ്വഞ്ചർ തുടങ്ങിയ മോഡലുകളായിരിക്കും ഹിമാലയന്‍ 450 ന്‍റെ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News