ബീഥോവൻ്റെ ഏഴാം സിംഫണിയുമായി കൊല്ലത്തെത്തിയ എംടി; ആർ എസ് ബാബു

ചെറുകഥാകൃത്ത് പട്ടത്തുവിള കരുണാകരൻ്റെ ഓർമയ്ക്കായി ബീഥോവൻ്റെ ഏഴാം സിംഫണി കൊല്ലത്തുകാരെ കേൾപ്പിച്ച എംടിയുടെ ഓർമപങ്കുവെച്ച് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം എംടിയുടെ വ്യത്യസ്തമായൊരു ഓർമ പങ്കുവെച്ചിട്ടുള്ളത്.

ആർ.എസ്. ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

ബീഥോവൻ്റെ ഏഴാം സിംഫണിയുമായി കൊല്ലത്തെത്തിയ എംടി..

ബീഥോവൻ്റെ ഏഴാം സിംഫണി കൊല്ലത്തുകാരെ കേൾപ്പിച്ച ഒരു എംടിയുണ്ട്. അത് തൻ്റെ ഉറ്റ ചങ്ങാതിയായിരുന്ന ചെറുകഥാകൃത്ത് പട്ടത്തുവിള കരുണാകരൻ്റെ ഓർമയ്ക്കായിരുന്നു. ധനിക കുടുംബത്തിൽ പിറന്ന, വിദേശത്ത് ബിസിനസ് മാനേജ്‌മെൻ്റ് പഠിച്ച, വിദേശിയുടെ കമ്പനിയിലെ ഉദ്യോഗ മേധാവിയായി മാറിയ വിഗ്രഹഭഞ്ജകനായിരുന്നു സാഹിത്യകാരനായ പട്ടത്തുവിള കരുണാകരൻ.

വിദേശ കമ്പനിയുടെ കേരള മേധാവിയായി കോഴിക്കോട് താമസിച്ചത് എംടിയുടെ വീടിൻ്റെ അയൽപക്കത്താണ്. രണ്ടു കുടുംബങ്ങളും ഒറ്റ വീടുപോലെ കഴിഞ്ഞു. എംടിയും പട്ടത്തുവിളയും ഒരുമിച്ച് ചെലവഴിക്കുന്ന സമയം വർത്തമാനത്തേക്കാൾ കൂടുതൽ മൗനത്തിനായിരുന്നു ഇടം. എന്നാൽ, തിക്കോടിയൻ, എൻ.പി.മുഹമ്മദ്, അരവിന്ദൻ തുടങ്ങിയവരുടെ വലിയ നിരയെത്തുമ്പോൾ മൗനം ഭേദിക്കപ്പെടും.

ALSO READ: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. മൻമോഹൻസിങ് കെ വി തോമസ്

പട്ടത്തുവിള ഹൃദയ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെ ആശുപത്രിയിൽ കഴിയുമ്പോൾ ബീഥോവൻ്റെ ഏഴാം സിംഫണിയുമായി വരണമെന്ന് വാസുവിനെ പട്ടത്തുവിള അറിയിച്ചു. അതുമായി ആശുപത്രിയുടെ പടികയറുമ്പോൾ ഹൃദയഭേദകമായ ആ വർത്തമാനം കേട്ടു. തൊട്ടുമുമ്പ് കരുണാകരൻ അന്ത്യയാത്രയായി. അന്ന് പട്ടത്തുവിളയ്ക്ക് കേൾക്കാൻ കഴിയാതിരുന്ന ബീഥോവൻ്റെ സിംഫണി പട്ടത്തുവിളയുടെ പേരിലുളള സ്മാരക ട്രസ്റ്റിൻ്റെ ഉദ്ഘാടനം കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ എംടി നിർവഹിച്ചപ്പോൾ പ്ലേ ചെയ്തു. മലയാള സാഹിത്യത്തിലെ എറ്റവും മികച്ച 20 ചെറുകഥാകൃത്തുക്കളെ എടുത്താൽ അതിലൊരാൾ പട്ടത്തുവിളയായിരിക്കുമെന്ന് അന്ന് എംടി പറഞ്ഞു.

പട്ടത്തുവിളയുടെ ബാലകൗമാരങ്ങളിലെ വളർച്ചയ്ക്ക് ഇടംനൽകിയ സാംസ്‌കാരിക കേന്ദ്രമായിരുന്നു കൊല്ലത്തെ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്. ‘ബൂർഷ്വാ സ്‌നേഹിതന്മാർ’ എന്ന അദ്ദേഹത്തിൻ്റെ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചതും ഈ സ്ഥാപനമാണ്. പട്ടത്തുവിള ജീവിച്ചിരിക്കുമ്പോഴും എംടി കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ എത്തിയിട്ടുണ്ട്. പട്ടത്തുവിളയുടെ സ്മരണയ്ക്കായുളള ട്രസ്റ്റിൻ്റെ ഉദ്ഘാടനത്തിന് പട്ടത്തുവിളയുടെ ഭാര്യ സാറാ കരുണാകരനും മക്കളും എത്തിയിരുന്നു. ആ ട്രസ്റ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു.

പട്ടത്തുവിള ട്രസ്റ്റിൻ്റെ ഉദ്ഘാടനം കഴിഞ്ഞ് 10 വർഷമാകുമ്പോഴാണ് എംടി ജ്ഞാനപീഠം ഏറ്റുവാങ്ങുന്നതിന് വേണ്ടി തിരുവനന്തപുരത്ത് വന്നത്. അന്ന് പങ്കജ് ഹോട്ടലിൽ താമസിച്ചിരുന്ന എംടിയുമായി ദേശാഭിമാനിയുടെ തിരുവനന്തപുരം ജില്ലാ ലേഖകൻ എന്ന നിലയിൽ ഒരു മണിക്കൂറോളം അഭിമുഖവും സൗഹൃദ സംഭാഷണവും നടത്തിയത് ഓർക്കുന്നു.

ALSO READ: സാമ്പത്തികരം​ഗത്ത് എഐയുടെ ധാർമികമായ ഉപയോ​ഗം എട്ടംഗ സമിതിയെ രൂപീകരിച്ച് ആർബിഐ

തുഞ്ചൻ പറമ്പിൽ ഉസ്താദ് അംജത് അലിഖാൻ്റെ സരോദ് വാദനത്തിന് വേദി ഒരുക്കിത്തരാൻ എംടി കാണിച്ച താല്പര്യവും മനസ്സിൽ നിറയുന്നു. സ്വരലയയുടെ അഭിമാനകരമായ പരിപാടിയായിരുന്നു അത്. അന്ന് ഞങ്ങൾ രാവിലെ എത്തുമ്പോൾ തന്നെ എംടി അവിടെ ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിൻ്റെ യശസ്സിനായി സമർപ്പിത പ്രവർത്തനം നടത്തിയ എംടി വർഗ്ഗീയ കോമരങ്ങളെ അകറ്റിനിർത്താൻ കാട്ടിയ ധൈഷണീക ധീരത താരതമ്യങ്ങളില്ലാത്തതാണ്.

കേരള മീഡിയ അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ എംടിയുമായി നിരവധി ഘട്ടങ്ങളിൽ ബന്ധപ്പെടാനും ഉപദേശനിർദ്ദേശങ്ങൾ ആരായാനും ഇടയായിട്ടുണ്ട്. പത്രാധിപരായ എംടിയെപ്പറ്റി ഒരു ഡോക്യുഫിക്ഷൻ ചെയ്യുന്നതിന് പ്രിയദർശൻ ഉൾപ്പെടെയുളള ചലച്ചിത്രകാരന്മാർ മീഡിയ അക്കാദമിക്കു വേണ്ടി പദ്ധതിയിട്ടിരുന്നുവെങ്കിലും അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല.

കേരളീയൻ്റെ ജീവിത പരിസരം മതനിരപേക്ഷമാക്കുന്നതിനായി സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും മാറ്റിയ മഹാനാണ് എംടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News