ആർഎസ്എസുകാര്‍ പിന്തുടരുന്ന വിചാരധാര ക്രസ്ത്യാനികളെ തള്ളിപ്പറയുന്നതാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ക്രൈസ്തവ സ്നേഹമെന്നും സിപിഐഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്.
തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയിടെയും നിലപാടുകള്‍ ശരിയല്ല. അവര്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ്. ചില സഭ നേതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം നിലനില്‍ക്കുന്നു. അന്വേഷണ ഏജന്‍സികളെ വച്ച് മതമേലധ്യക്ഷന്മാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇതില്‍ ഭയന്നാണ് ചില ബിഷപ്പുമാര്‍ ബിജെപിക്ക് വഴങ്ങി സംസാരിക്കുന്നതെന്നും സിപിഐഎം മുഖപത്രത്തിലൂടെ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഉണ്ടാകുന്നത് വലിയ അതിക്രമമാണ്. 2022ല്‍ മാത്രം 598 അക്രമസംഭവങ്ങളാണ് രാജ്യത്ത് അരംങ്ങേറിയത്. ആര്‍എസ്എസ് വിചാരധാര പോലും തള്ളിക്കളഞ്ഞുള്ള ബിജെപി യുടെ ക്രൈസ്തവ സ്നേഹം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് വിമര്‍ശനം. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ മുസ്ലിം വിരുദ്ധത വളര്‍ത്തല്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമാണ് ചില സഭാ നേതാക്കളുടെ ലവ് ജിഹാദ് വാദം. ക്രിസ്ത്യന്‍-മുസ്ലിം വിഭജനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി-ആര്‍എസ്എസ് പ്രതീക്ഷയെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയവുമായി പൊരുത്തപ്പെടാത്ത ആരെയും ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും മോദി സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് ശ്രമിക്കുന്നുണ്ട്.. ബിഷപ്പ് ധര്‍മ്മരാജ്, കെപി യോഹന്നാന്‍, പോള്‍ ദിനകരന്‍ ,കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങി സഭാ നേതാക്കള്‍ക്കെതിരെയുള്ള ഇഡി കേസ് ഇതിന്റെ ഭാഗമാണ്. .ചില സഭാ നേതാക്കളുടെ പ്രസ്താവനകള്‍ സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും മൊത്തം അഭിപ്രായമായി കാണേണ്ടെന്നും ബി.ജെ.പി.-ആര്‍.എസ്.എസിന്റെ ക്രിസ്ത്യന്‍ വിരുദ്ധത കേരളത്തിലെ ക്രിസ്ത്യനികള്‍ക്ക് ബോധ്യമുണ്ടെന്നും മുഖപത്രം വ്യക്തമാക്കുന്നുണ്ട്. ബിജെപിയുടെ ഇത്തരം കുതന്ത്രങ്ങള്‍ക്ക് എതിരെ ഇടത് പക്ഷം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പീപ്പിള്‍സ് ഡെമോക്രസിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here