ശാസ്‌ത്ര മുന്നേറ്റത്തെ ഹിന്ദു മതത്തിന്‍റെ മുന്നേറ്റമാക്കി ചിത്രീകരിക്കാൻ ആർഎസ്എസ് നീക്കം

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിജയദശമി ആഘോഷങ്ങൾക്കിടെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ‘ശസ്ത്ര പൂജ’ ചർച്ചയാകുന്നു. ശാസ്‌ത്ര മുന്നേറ്റത്തെ വിശ്വാസത്തിന്‍റെ, ഹിന്ദു മതത്തിന്‍റെ മുന്നേറ്റമായി മാറ്റുന്ന കാര്‍ഡാണ് മോഹന്‍ ഭാഗവത് ഭംഗിയായി ഇറക്കിയത്. ഇതിന് ബലം നല്‍കാന്‍, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനെ ചടങ്ങിൽ മുഖ്യാതിഥിയുമാക്കി. പൂജയിൽ ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെയും റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യയോടുമുള്ള ആദരവ് പ്രകടമാക്കുന്ന തരത്തിലുള്ള ഐഎസ്ആർഒ ഉപഗ്രഹങ്ങളുടെ ചെറു മാതൃകകളെ മോഹൻഭാഗവത് പൂവിട്ട് പൂജിച്ചു.

വെറുമൊരു ശസ്‌ത്രപൂജയാണെന്നും വിശ്വാസത്തിന്‍റെ ഭാഗം മാത്രമാണ് എന്നുമുള്ള നോര്‍മലൈസേഷന്‍ മട്ടിലാണ് എല്ലാ പ്രമുഖ മാധ്യമങ്ങളും ഈ സംഭവത്തെ കാണുന്നത്.

ആർഎസ്എസിന്റെ 99 -ാമത് സ്ഥാപക ദിനം കൂടിയാണ് ഈ വിജയദശമി ദിനം. അതുകൊണ്ട് തന്നെ ഈ വർഷത്തെ വിജയദശമി വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. നാഗ്‌പൂരിലെ രേഷിംബാഗില്‍ നടന്ന പൂജവെയ്‌പ്പിലാണ് ശസ്‌ത്ര പൂജ നടന്നത്.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്‌ആര്‍ഒ  ചെയര്‍മാനും ബഹിരാകാശ കമ്മീഷൻ ചെയർമാനുമൊക്കെയായിരുന്ന ഡോ. കെ.രാധാകൃഷ്ണനെ പങ്കെടുപ്പിച്ചതും ബോധപൂര്‍വം നടത്തിയ നീക്കത്തിന്‍റെ ഭാഗമാണ്.  ശസ്‌ത്രപൂജയ്‌ക്ക് ആധികാരികത കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. ഈ പരിപാടിയെ വലിയ അംഗീകാരമായി കാണുന്നുവെന്നാണ് കെ രാധാകൃഷ്ണൻ പറഞ്ഞത്.

ALSO READ: മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറി, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു; കവരപ്പേട്ട അപകടത്തിൽ 4 പേർ ഗുരുതര നിലയിലെന്ന റിപ്പോർട്ട്

രാജ്യത്ത് നടക്കുന്ന ഏത് ശാസ്‌ത്ര മുന്നേറ്റത്തേയും ഹിന്ദു മതത്തിന്‍റെ മുന്നേറ്റമായി അവതരിപ്പിക്കുക എന്നത് ആര്‍എസ്‌എസും ബിജെപിയും പല ഘട്ടത്തില്‍ സ്വീകരിച്ച നയമാണ്. മിത്തുകളെ ചേര്‍ത്തുവെച്ച് സ്ഥിരം കള്ളക്കഥയുണ്ടാക്കുന്നത് നമ്മള്‍ പലപ്പോഴായി കണ്ടതുമാണല്ലോ. പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നും ഗണപതിയാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ആദ്യവ്യക്തിയെന്നതടക്കമുള്ള അവകാശവാദങ്ങള്‍ ചാക്കുകണക്കിനുണ്ടല്ലോ അവര്‍ക്ക് പറയാന്‍. നിരക്ഷരരും ശാസ്‌ത്രബോധവും ഇല്ലാത്തവരെ മുതലെടുത്തും അതൊക്കെ നന്നായി ഉള്ളവരെ മുതലെടുക്കാന്‍ കൂടെക്കൂട്ടിയുമാണ് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്.

ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം അടക്കമുള്ളവ സിലബസില്‍ നിന്ന് ഒ‍ഴിവാക്കിയും ഹാരപ്പന്‍ സംസ്കാരത്തെ ‘സിന്ധു- സരസ്വതി’ എന്ന് വിശേഷിപ്പിച്ചുമുള്ള എന്‍സിഇആര്‍ടി പാഠപുസ്‌തക പരിഷ്‌കരണം സംഘപരിവാര്‍ ലക്ഷ്യം പകല്‍പോലെ തെളിയിക്കുന്നതാണ്. ശാസ്‌ത്രമെന്നത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അപ്രിയ സത്യമാണ്. അത് ഒ‍ഴിവാക്കി കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് അടക്കം മിത്തുകളും പുരാണങ്ങളും കള്ളങ്ങളും കുത്തിവെക്കുന്ന രീതിയാണ് രാജ്യത്ത് ഇന്ന് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News