ജമാഅത്തെ ഇസ്ലാമിയുടെ ആര്‍എസ്എസ് ബാന്ധവം വിശദീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ നേതാവ് ശ്രീജ നെയ്യാറ്റിന്‍കര. നിരന്തരം അവര്‍ തുടര്‍ന്ന് പോരുന്ന ആര്‍ എസ് എസ് സഹകരണമാണ് താന്‍ അവര്‍ക്കെതിരെ എക്കാലവും അഡ്രസ് ചെയ്തിട്ടുള്ളതെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ പോലും ഞാന്‍ അതിനെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടുള്ള വ്യക്തിയാണെന്നും അവർ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധരെന്ന് സ്വയം അവകാശപ്പെട്ട് മറ്റുള്ളവര്‍ക്ക് സംഘി മുദ്ര പതിപ്പിച്ചു കൊടുക്കുന്ന ഇവരുടെ സംഘപരിവാര്‍ ബാന്ധവമാണ് യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
രഹസ്യമല്ല ആര്‍എസ്എസ്- ജമാഅത്തെ ഇസ്ലാമി ബാന്ധവം. കേരളത്തിലും അഖിലേന്ത്യാ തലത്തിലും തങ്ങള്‍ ആര്‍എസ്എസുമായി പുലര്‍ത്തുന്ന ബന്ധത്തെ കുറിച്ച് ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന സിദ്ദിഖ് ഹസന്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസുമായി തങ്ങള്‍ക്ക് കേരളത്തേക്കാള്‍ കൂടുതല്‍ ബന്ധം അഖിലേന്ത്യാ തലത്തിലാണെന്നും കേരളത്തിന് പുറത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ കേരളത്തേക്കാള്‍ മികച്ച ബന്ധമാണ് ആര്‍ എസ് എസുമായി ജമാഅത്തെ ഇസ്ലാമിക്കുള്ളതെന്നും കേരളത്തില്‍ ഓരോരുത്തരും അവരവരുടേതായ പുറന്തോടിനുള്ളിലാണെന്നും കേരളത്തിന് പുറത്ത് അങ്ങനെയല്ലെന്നും നല്ല സഹകരണമാണെന്നും വളരേ കൃത്യമായി പൊതുസമൂഹത്തോട് പറഞ്ഞ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
Read Also: ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല
കേരളത്തില്‍ മാറാട് കലാപ കാലത്ത് ഉണ്ടായ സൗഹൃദം പുതുക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസില്‍ പോയെന്നും അതൊരു അനുഭവമായിരുന്നു എന്നും മുന്‍ അമീര്‍ സിദ്ദിഖ് ഹസന്‍ പറഞ്ഞത് പൊതുസമൂഹത്തിലുണ്ട്. ഇന്ത്യ നരേന്ദ്ര മോദി ഭരിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് സമഗ്രാധിപത്യ കാലത്താണ് ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് സഹകരണത്തെ കുറിച്ച് സിദ്ദിഖ് ഹസന്‍ പറഞ്ഞതെന്നോര്‍ക്കണം. ആര്‍ എസ് എസിന്റെ സൗഹൃദത്തെ കുറിച്ച് വാചാലനായ ഇതേ സിദ്ദിഖ് ഹസന്‍ മരിച്ചപ്പോള്‍ അനുസ്മരിക്കാന്‍ ശ്രീധരന്‍ പിള്ളയെ ജമാഅത്തെ ഇസ്ലാമി ക്ഷണിച്ച് കൊണ്ട് വന്നത് ഒട്ടും പഴകാത്ത ചരിത്രമാണ്. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതിന്റെ പ്രഖ്യാപന സമ്മേളന വേദിയിലും കസേര നല്‍കിയിരുന്നുവെന്നും ശ്രീജ കുറിച്ചു.
ഏറ്റവുമൊടുവില്‍ ആര്‍എസ്എസുമായി നടത്തിയ രഹസ്യ ചര്‍ച്ചയിലും ജമാഅത്തെ ഇസ്ലാമി- വെല്‍ഫെയര്‍ പാര്‍ട്ടി സാന്നിധ്യമുണ്ടായിരുന്നു. എന്ന് മാത്രമല്ല പ്രസ്തുത രഹസ്യ ചര്‍ച്ച വിവാദമായപ്പോള്‍ ആര്‍എസ്എസ് രണ്ടാം നിര നേതാക്കളുമായുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടന്നതെന്നും തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് പൊതുസമൂഹത്തോട് പറഞ്ഞതും ജമാഅത്തെ ഇസ്ലാമിയാണ്. അതായത് വംശഹത്യ പ്രത്യയ ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന ആര്‍എസ്എസിനോട് എക്കാലത്തും സൗഹൃദ രാഷ്ട്രീയം കൈക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അത് കേവലം ആരോപണങ്ങളല്ല, പച്ചയായ തെളിവുകളുണ്ട്.
Read Also: ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണ്: മന്ത്രി വി അബ്ദുറഹിമാൻ
ശ്രീധരന്‍ പിള്ളക്ക് നിരന്തരം ബിരിയാണി വിളമ്പിയതും മിസോറാം ഗവര്‍ണര്‍ ആയപ്പോള്‍ വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കിയതും ആര്‍എസ്എസ് സൈദ്ധാന്തികന്‍ മരിച്ചപ്പോള്‍ കൊടും വര്‍ഗീയവാദിയായ ടിജി മോഹന്‍ദാസിന് പരമേശ്വരനെ സ്മരിക്കാന്‍ ‘മാധ്യമം’ പത്രത്തില്‍ സ്പേസ് കൊടുത്തതും മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ അബ്ദുള്‍ റഹ്‌മാന് ജന്മനാട് നല്‍കിയ സ്വീകരണ പരിപാടിയില്‍ ശ്രീധരന്‍ പിള്ളയെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു കൊണ്ടുവന്നതും രാഹുല്‍ ഈശ്വറിന് സാംസ്‌കാരിക പട്ടം നല്‍കിയതുമായ നിരവധി തെളിവുകള്‍ വേറെയുമുണ്ട്.
ആര്‍എസ്എസുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഈ സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. 1978 ജനുവരി 14 ന് ജമാഅത്തെ ഇസ്ലാമിയുടെ മുഖമായ പ്രബോധനം വാരികയില്‍ അമീറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച വിശദീകരിച്ചിട്ടുണ്ട്. എന്തിനേറെ ആര്‍എസ്എസില്‍ മുസ്ലിംകളെ ചേര്‍ക്കുന്ന കാര്യം വരെ അവരുമായി ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ചെയ്തിട്ടുണ്ട്. ജനസേവന രംഗത്ത് ആര്‍ എസ് എസും ജമാഅത്തും സംയുക്ത സംരംഭം സംഘടിപ്പിക്കാനും ആര്‍എസ്എസിന് മുസ്ലിംകളുടെ ഇടയിലും ജമാഅത്തെ ഇസ്ലാമിക്ക് ഹിന്ദുക്കളുടെ ഇടയിലും സല്‍പേരുണ്ടാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ചര്‍ച്ച നടന്നിട്ടുണ്ട്. സവര്‍ണ സാംസ്‌കാരിക ദേശീയത മുന്നോട്ട് വയ്ക്കുന്ന, വംശഹത്യ പ്രത്യയ ശാസ്ത്രം പ്രായോഗികമാക്കുന്ന ആര്‍എസ്എസുമായി സൗഹൃദ രാഷ്ട്രീയം പങ്കുവയ്ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ലെന്നും ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here