വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ് –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ച് ഹരിയാന പൊലീസ്. കർഷകരെ തടയരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
പൊലീസിന്റെ ആക്രമണത്തിൽ ബികെയു (ക്രാന്തികാരി) പ്രസിഡന്റ് സുർജീത് സിങ് ഫുൽ അടക്കം നിരവധി പേർക്ക്‌പരുക്കേറ്റു. അംബാലയിലെ 11 ഗ്രാമത്തിൽ മൊബൈൽ ഇന്റര്‍നെറ്റും ബള്‍ക്ക് എസ്എംഎസ് സേവനങ്ങളും തിങ്കളാഴ്ച വരെ സര്‍ക്കാര്‍ വിലക്കി.
Also Read: സിപിഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും
കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി ഇന്നലെ അറിയിച്ചിരുന്നു. കർഷകർ ആദ്യം സർക്കാരിനോട് സംസാരിക്കണം എന്നാണ് മന്ത്രിയുടെ നിലപാട്. കർഷക സംഘടനകൾ പ്രതിനിധികളെ ദില്ലിയിലേക്ക് അയക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മാര്‍ച്ച് തടയാൻ ഏഴ് നിര വേലികളാണ് പൊലീസ് ഒരുക്കിയത്. ആദ്യത്ത ബാരിക്കേഡ് കർഷകർ മറികടന്നതിന് തൊട്ടുപിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. 26 റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതോടെ മാർച്ച് നിർത്തിവച്ചു. ശനിയാഴ്‌ച വീണ്ടും പുനരാരംഭിക്കുമെന്ന് കര്‍ഷകനേതാവ് സർവാൻ സിങ് പാന്ഥര്‍ വ്യക്തമാക്കി. എസ്‌കെഎം (രാഷ്‌ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്ന് തുടങ്ങിയ ഡൽഹി ചലോ മാര്‍ച്ച് ഹരിയാന സര്‍ക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതൽ ശംഭു അതിര്‍ത്തിയിൽ കര്‍ഷകര്‍ ക്യാമ്പ് ചെയ്യുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here