ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തില്‍ നിയമസഭയ്ക്കുളളില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എമാരാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സമ്മേളനം താത്കാലികമായി നിര്‍ത്തിവച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ ബിജെപി എംഎല്‍എമാര്‍ സഭയ്ക്കുളളില്‍ നടത്തിയ പ്രതിഷേധമാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. ജയിലില്‍ കഴിയുന്ന ബാരാമുളള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് എംഎല്‍എ സഭയ്ക്കുളളില്‍ അനുഛേദം 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിന് തുടക്കം.
ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ പ്രമേയത്തിന്മേല്‍ സംസാരിക്കുമ്പോഴായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. ഇതോടെ ബിജെപി അംഗങ്ങള്‍ ബാനര്‍ തട്ടിയെടുക്കുകയും ചുരുട്ടിയെറിയുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ച് ഒമര്‍ അബ്ദുളള സര്‍ക്കാര്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും അവഹേളിച്ചുവെന്ന് ബിജെപി ആരോപിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കില്ലെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി വ്യക്തമാക്കി. ജമ്മു കശ്മീരിലെ തീവ്രവാദത്തിനും വികസനത്തിനും എതിരായ നിലപാടാണ് ഇന്ത്യാ സഖ്യം സ്വീകരിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here