നന്ദിയോട് സ്വിമ്മിംഗ് പൂളിനെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: യു.ഷറഫലി

തിരുവനന്തപുരം നന്ദിയോട് നീന്തൽ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. ഈ വർഷം നന്ദിയോട് സ്വിമ്മിംഗ് പൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ ഏതാനും കായിക താരങ്ങൾക്ക് പനി പിടിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഫുഡ് അനലിസ്റ്റ് നീന്തൽക്കുളത്തിലെ ജലം പരിശോധന നടത്തി. സ്വിമ്മിംഗ് പൂളിലേയും അതിനോട് അനുബന്ധിച്ചുള്ള കിണറിലേയും ജലം തൃപ്തികരമാണ് എന്നാന്നായിരു പരിശോധനാ ഫലം എന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ 17 വർഷങ്ങളായി വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന നീന്തൽ പരിശീലനകേന്ദ്രമാണ് നന്ദിയോട്. ദേശീയ അന്തർദ്ദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിച്ച നിരവധി നീന്തൽ താരങ്ങൾ നന്ദിയോട് സ്വിമ്മിംഗ് പൂളിന്റെ സംഭാവനയാണ് എന്നും ഷറഫലി പറഞ്ഞു. നീന്തൽക്കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായി ആധുനിക രീതിയിലുളള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്ര മന്ത്രി വി.മുരളീധരനടക്കം ഇത്തരം വാർത്തകൾ ശരിയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here