ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കടുപ്പംകൂട്ടി കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ. റഷ്യയിൽ നിന്ന് ക്രീമിയയിലേക്കുള്ള പാലം തകർത്തത് യുക്രെയ്നാണ് എന്നാണ് റഷ്യൻ ആരോപണം. എന്നാൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്ന് റഷ്യ നേരത്തെയും ഭീഷണി മുഴക്കിയിരുന്നു.
തിങ്കളാഴ്ച റഷ്യയെ ക്രീമിയൻ ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം ആക്രമണത്തിൽ തകർന്ന് ദമ്പതികൾ കൊല്ലപ്പെടുകയും പെൺകുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ക്രീമിയൻ പാലത്തിലേക്ക് ആക്രമണം നടത്തിയത് യുക്രെയ്ൻ ആണെന്ന ആരോപണമുയർത്തി കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങുകയാണ് റഷ്യ. യുക്രെയിനിലെ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങൾ നിറച്ച കപ്പൽ കരിങ്കടൽ കടക്കുന്നതിന് ഇനി റഷ്യയുടെ സുരക്ഷാ ഉറപ്പ് ഉണ്ടാകില്ല. 40 കോടി മനുഷ്യർക്ക് ഭക്ഷണമായി മാറിയിരുന്ന ധാന്യ കയറ്റുമതി അവസാനിക്കുന്നതോടെ ഭക്ഷ്യധാന്യത്തിന് വില ഉയരും; ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും കുറെക്കൂടി കടുക്കും.
Also Read: ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പുരോഗമന രാഷ്ട്രീയം തുടരുമെന്നും വ്യക്തമാക്കി എൻസിപി നേതാവ് ശരദ് പവാർ
ചോളം, ഗോതമ്പ്, സോയ ബീൻ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നവരിൽ യൂറോപ്പിലെ തന്നെ പ്രമുഖരാണ് യുക്രെയ്ൻ. റഷ്യ- യുക്രെയ്ൻ യുദ്ധം ആഗോള ഭക്ഷ്യ കാലാവസ്ഥയെ ബാധിച്ച് തുടങ്ങിയപ്പോൾ തന്നെ കരാർ സൃഷ്ടിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ദീർഘ നാളത്തെ ചർച്ചകൾക്ക് ശേഷം യുഎന്നും തുർക്കിയും ഇടനില നിന്നുകൊണ്ടാണ് കഴിഞ്ഞ ജൂലായിൽ റഷ്യയും യുക്രെയ്നും കരാറിൽ എത്തിച്ചേർന്നത്. ഇടയ്ക്ക് യുദ്ധം കടുത്ത ഘട്ടത്തിലെല്ലാം റഷ്യ പിൻവാങ്ങുമെന്ന ഭീഷണി മുഴക്കിയിരുന്നു. അപ്പോഴെല്ലാം മധ്യസ്ഥത വഹിച്ചതും പുടിനെ അനുനയിപ്പിച്ചതും തുർക്കിയും സൗത്ത് ആഫ്രിക്കയും ചേർന്നാണ്. ഒടുവിൽ കരാർ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് റഷ്യയുടെ പിന്മാറ്റം. അടുത്ത മാസം ബ്രിക്സ് യോഗത്തിന് മുമ്പ് കരാർ പുതുക്കാനുള്ള ഇടപെടലുകൾക്ക് പരിശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ യുദ്ധമുനമ്പിലേക്ക് ആയുധം ഇറക്കുമതി ചെയ്തും പരസ്പര ഭീഷണി തുടർന്നും ശത്രുത മൂർച്ഛിപ്പിക്കുകയാണ് ഇരുചേരികളും.
Also Read: ജോര്‍ജിയയില്‍ കൂട്ട വെടിവയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here