റഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവ്‌ അലക്‌സി നവൽനി അന്തരിച്ചു

റഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവ്‌ അലക്‌സി നവൽനി അന്തരിച്ചു. 47 വയസ്സായിരുന്നു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ആർടിക് പ്രിസൺ കോളനിയിൽ വെച്ചായിരുന്നു മരണം.

അലക്‌സി നവൽനി പ്രസിഡന്റ് വ്ളാദമിർ പുടിന്റെ വിമർശകനായത് കൊണ്ട് രാഷ്ട്രീയ പ്രേരിതമായാണ് ജയിലിലായത് എന്നാണ് ആരോപണങ്ങൾ. 2023 അവസാനമാണ് ആർടിക് പീനൽ ജയിലിലേക്ക് മാറ്റിയത്‌. ഏറ്റവും കഠിനമായ ജയിലുകളിലൊന്നായിട്ടാണ് ഈ ജയിലിനെ കണക്കാക്കുന്നത്.

ALSO READ: നരേന്ദ്രമോദിയും പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പ്രഭാതനടത്തത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും അദ്ദേഹത്തിന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ജയിൽ അധികൃതർ അറിയിച്ചത്. ബോധക്ഷയം വന്ന ശേഷം നാവൽനിയെ പരിചരിക്കാൻ ഡോക്‌ടർമാരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്താണ് മരണകാരണം എന്ന് പരിശോധിക്കുകയാണെന്നും അറിയിച്ചു.

അലക്‌സി നവൽനി റഷ്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത് 2008 മുതലാണ്. റഷ്യയിലെ പുടിൻ വിരുദ്ധ രാഷ്‌ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി നവൽനി വളരെ പെട്ടെന്ന്‌ മാറുന്നത് ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ കാലം മുതലാണ്. 2011ലെ ദേശീയ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ നവൽനിയുടെ സ്ഥാനം ഏറ്റവും മുൻപന്തിയിൽ തന്നെയായിരുന്നു. ഏറ്റവും കൂടുതൽ കൃത്രിമം നടന്നുവെന്ന് ആരോപണമുയർന്ന തെരഞ്ഞെടുപ്പ് ആയിരുന്ന 2011ലേത്.

ALSO READ: ‘ഡിജി കേരളം’ ക്യാമ്പയിൻ: ഫെബ്രുവരി 18ന് കുടുംബശ്രീ ‘ഡിജി കൂട്ടം’ യോഗം ചേരും

2017ൽ നവൽനി പുറത്തുവിട്ട വീഡിയോ കത്തിപ്പടർന്നത്തോടെ അന്ന് നടന്ന അഴിമതിവിരുദ്ധ സമരത്തിൽ നിരവധി ആളുകൾ പങ്കെടുക്കുകയും ആയിരക്കണക്കിനാളുകൾ അറസ്റ്റിലാവുകയും ചെയ്തു.

റഷ്യൻ പ്രധാനമന്ത്രി ആയിരുന്ന ദിമിത്രി മെദ്‌വെദേവിന്റെ അനധികൃത സമ്പാദ്യങ്ങൾ തുറന്നുകാട്ടുന്ന വിഡിയോ ആയിരുന്നു നവൽനി അന്ന് പുറത്തുവിട്ടിരുന്നത്. അതുപോലെ തന്നെ പുട്ടിനെതിരെ നവൽനി 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ALSO READ: മണിപ്പൂര്‍ കലാപം: മെയ്തികളെയും കുക്കികളെയും തുരത്താന്‍ നാഗവിഭാഗം

2020 ഓഗസ്റ്റ് 20ന് സൈബീരിയയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നവൽനി വിഷപ്രയോഗത്തിനിരയായിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിച്ച സംശയം അനുസരിച്ച് സൈബീരിയയിലെ ടോംസ്‌ക് നഗരത്തിലെ വിമാനത്താവളത്തിൽ വച്ച് നവൽനി കുടിച്ച ചായയിൽ വിഷം കലർത്തിയിരുന്നു. യാത്രയ്ക്കിടെ ബോധരഹിതനായി അദ്ദേഹം വീഴുകയും, ഉടൻ തന്നെ അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. 2021 ജനുവരി 17ന് ജർമനിയിലെ വിദഗ്‌ദ ചികിത്സയ്ക്കുശേഷം റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും അറസ്റ്റിലായി. മുൻപത്തെ ജയിൽവാസകാലത്ത് പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News