‘ആമയി‍‍ഴഞ്ചാന്‍തോട് അപകടത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയവരേ… അങ്കോള ദുരന്തമുഖത്തെ കര്‍ണാടക സര്‍ക്കാരിന്‍റെ നിസംഗത കാണുന്നില്ലേ ?’; ശരത്ചന്ദ്രന്‍ എ‍ഴുതുന്നു

ര്‍ണാടകയിലെ അങ്കോളയില്‍ അര്‍ജുന്‍ മണ്ണിനടിയില്‍പ്പെടുന്നത് 16-ാം തീയതി രാവിലെയാണ്. അതായത് ചൊവ്വാ‍ഴ്ച. അപ്പോള്‍ തന്നെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫും മറ്റുള്ളവരും അവിടെയുണ്ടായിരുന്ന കര്‍ണാടക സര്‍ക്കാര്‍  അധിക്യതരോട് അര്‍ജുന്‍ മണ്ണിനടില്‍പ്പെട്ട വിവരം അറിയിക്കുന്നു. മണ്ണിടിച്ചിലില്‍ ഉണ്ടായ കൂറ്റന്‍ മണല്‍ മലയില്‍ ഒരു മനുഷ്യന്‍ അകപ്പെട്ടുവെന്നറിഞ്ഞിട്ടും ഒന്നും ചെയ്‌തില്ല. നാലുവരി ദേശീയപാതയില്‍ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിക്കുക എന്നത് മാത്രമായിരുന്നു ശ്രദ്ധ.
അര്‍ജുനെപ്പോലെ ആരെല്ലാം  അപകടത്തില്‍പ്പെട്ടുവെന്ന അന്വേഷണത്തിലേക്ക് പോകാനോ അതനുസരിച്ച് തിരച്ചില്‍ നടത്താനോ തയ്യാറായില്ല. ഒരു മനുഷ്യന്‍ മൂന്നുദിവസമായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുെവന്ന് അറിഞ്ഞിട്ടും പുലര്‍ത്തിയ നിസംഗത  ഞെട്ടിപ്പിക്കുന്നതാണ്. ജിപിഎസ് ട്രാക്കിങ് സംവിധാനം വ‍ഴി ലോറിയുടെ ലൊക്കേഷന്‍ വ്യക്തമായിരുന്നു. അത് മനസിലാക്കി മണ്ണ് നീക്കാനോ തിരച്ചില്‍ നടത്താനോ ചൊവ്വാ‍ഴ്ച മുതല്‍ വെള്ളിയാ‍ഴ്ച ഉച്ചവരെ കാര്യമായ ശ്രമം ഉണ്ടായില്ല. വ്യാ‍ഴാ‍ഴ്ച രാത്രി വരെ ലോറി എഞ്ചിന്‍  ഓണായിരുന്നുവെന്ന വിവരവും കിട്ടിയതാണ്. അര്‍ജുന്‍റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കിട്ടിയതാണ്. എന്നിട്ടും ഒന്നും നടന്നില്ല.
കോ‍ഴിക്കോട്ടെ ബന്ധുക്കള്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വ‍ഴി സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുന്നതോടെയാണ് വലിയ അപകടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. അപ്പോ‍ഴേക്കും ഏകദേശം 72 മണിക്കൂര്‍ പിന്നിട്ടു. അപകടത്തില്‍പ്പെട്ട മലയാളിയെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയെ അറിയിക്കുന്നു. തുടര്‍നീക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഡോ. വേണുവിനെ ചുമതലപ്പെടുത്തുന്നു. എത്ര മനുഷ്യജീവനുകള്‍ പെട്ടിട്ടുണ്ടെന്ന ധാരണപോലുമില്ലാത്ത ഒരു വലിയ ദുരന്തത്തില്‍  അങ്ങനെ നടപടികള്‍ക്ക് ജീവന്‍വെച്ചു.
നാവികസേന എത്തി. നദിയില്‍ തിരച്ചില്‍ നടത്തി. മണ്ണുനീക്കം സജീവമായി.   ആയിരക്കണക്കിന് ലോഡ് മണ്ണ് വന്നടിഞ്ഞ ആ ദുരന്തഭൂമിയില്‍ അതിവേഗ നടപടികള്‍ക്ക്  സൈന്യത്തിന്‍റെ സേവനം വേണമെന്ന് അര്‍ജുന്‍റെ ബന്ധുക്കള്‍ അടക്കം ആദ്യദിവസം തന്നെ കര്‍ണാടക അധികാരികളോട് സംഭവസ്ഥലത്ത് വെച്ചുതന്നെ പറഞ്ഞതാണ്. ആരും ഇടപെട്ടില്ല. കേരളത്തിന്റെ ഇടപെടല്‍ ആണ് മെല്ലപ്പോക്ക് ഇല്ലാതാക്കിയത്. ആമയി‍‍ഴഞ്ചാന്‍ തോട്ടിലെ റെയില്‍വേ ടണലില്‍ ജോയി അകപ്പെട്ട ആ നിമിഷം മുതല്‍ ആ മനുഷ്യനെ കണ്ടെത്താന്‍ എല്ലാ സംവിധാനങ്ങളും ഒരേ മനസോടെ 36 മണിക്കൂറാണ് പൊരുതിയത്. അതിലും രാഷട്രീയം കലര്‍ത്തി റെയില്‍വേയുടെ അനാസ്ഥ മറച്ചുപിടിക്കാന്‍ ശ്രമിച്ചവര്‍ അറിയണം. അങ്കോളയിലെ ദുരന്തമുഖത്ത് കര്‍ണാടക സര്‍ക്കാര്‍ എത്ര നിസംഗമായാണ് മൂന്നുദിവസം പെരുമാറിയത് ?. പക്ഷേ, അവിടേയും കേരളം   അര്‍ജുന് വേണ്ടി ഇറങ്ങി. അര്‍ജുന്‍ നിങ്ങളുടെ മടങ്ങിവരവുംകാത്ത്  ഒരു നാടുണ്ട്… കേരളം…
*എസ് ശരത്‌ചന്ദ്രന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കൈരളി ന്യൂസ്)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News