2022 ജനുവരിയിലാണ് എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റ് തൊട്ടടുത്ത വര്‍ഷം തന്നെ ബഹിരാകാശ രംഗത്ത് ഇന്ത്യയെ നേട്ടത്തിന്റെ നെറുകയിലെത്തിച്ച അദ്ദേഹം ബഹിരാകാശ മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയമുള്ള എയ്‌റോസ്‌പേസ് എഞ്ചിനീയറാണ്.
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി എസ് എസ് സി), ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍ പി എസ് സി) എന്നിവയുടെ ഡയറക്ടര്‍ ഉള്‍പ്പെടെ ഐഎസ്ആര്‍ഒയില്‍ നിരവധി പ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അഭിമാനകരമായ സ്പേസ് ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
Also Read : ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി
ഓഗസ്റ്റ് 5-ന് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി 2023 ഓഗസ്റ്റ് 23-ന് വൈകുന്നേരം 6:04-ന് ദൗത്യം വിജയിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോകാന്‍ അമേരിക്ക, ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സാധിച്ചില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോയ ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് ചാന്ദ്രയാന്‍. ചന്ദ്രനിലേക്കും സൂര്യനിലേക്കുമുള്ള ദൗത്യത്തിനു ശേഷം ശുക്രനും ചൊവ്വയും ലക്ഷ്യം വെച്ച് മുന്നേറുമ്പോള്‍ കേരളത്തിലെ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ബഹിരാകാശ രംഗത്ത് നേട്ടത്തിന്റെ കൊടുമുടിയിലെത്തിയ സോമനാഥ് മനസു തുറക്കുന്നു.
കേരളം താങ്കളുടെ ഉയര്‍ച്ചയില്‍ ഏതെല്ലാം രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്?
കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് കേരളത്തിനുള്ളിലെ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നേടി എന്‍ജിനീയറിംഗ് വിജയിച്ച വ്യക്തിയാണ് താന്‍. സ്പേസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം. ഡോ. വിക്രം സാരാഭായ് തിരുവനന്തപുരത്തെ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണത്തിന്റെ ആദ്യ ചുവടുവെയ്പുകള്‍ നടത്തിയ ശേഷമാണ് ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്. അവിടെ പ്രവര്‍ത്തിക്കാന്‍ എനിക്കും കഴിഞ്ഞു. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ എത്തിച്ച് ഭാരതത്തിന്റെ പ്രശസ്തി അങ്ങേയറ്റം ഉയര്‍ത്തിയത് വലിയ നേട്ടമാണ്.
Also Read : നിയമനത്തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ
ഒരു ഭാരത പൗരനെന്നതിലപ്പുറം ഒരു കേരളീയന്‍ എന്ന നിലയിലും വളരെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. കേരളത്തിന്റെ തനതായ നേട്ടങ്ങള്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും തൊഴിലിടങ്ങളിലും ജീവിതത്തിന്റെ സകല തുറകളിലും സ്ത്രീ പുരുഷ സമത്വം കൈവരിക്കുന്നതിലും കേരളം കൈവരിച്ച പുരോഗതി ഏവര്‍ക്കും അഭിമാനാര്‍ഹമാണ്.
മലയാളിയെ ആഗോളപൗരനാക്കി മാറ്റിയ ഗുണങ്ങള്‍ എന്തൊക്കെയാണ്?
വളരെ അധികം പേര്‍ കേരളത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ലോകത്ത് എവിടെച്ചെന്നാലും മലയാളി സാന്നിധ്യം കാണാന്‍ കഴിയും. ശാസ്ത്രം, സാങ്കേതിക വിദ്യ, മാനേജ്മെന്റ്, സംരംഭക മേഖലയിലെല്ലാം ജോലിയുടെ വിവിധ തലങ്ങളില്‍ മലയാളികള്‍ ലോകത്തിന്റെ പല കോണുകളിലുമെത്തി അവരുടതായ വ്യക്തിമുദ്ര പതിപ്പിക്കുകയും സമൂഹത്തില്‍ ഉന്നതമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. റോക്കറ്റ് മേഖലയിലെ നേതൃനിരയിലേക്ക് മലയാളികള്‍ പലപ്പോഴും എത്തിയിട്ടുണ്ട്. വളരെ വിഷമകരമായ ഈ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം കേരളത്തിന്റെ തനത് സ്വഭാവത്തിന്റെ ഒരു പരിപ്രേക്ഷ്യമാണ് എന്ന് കരുതുന്നു.
ഭാവിയിലെ നവകേരളത്തെ താങ്കള്‍ എങ്ങിനെ കാണുന്നു?
കേരളീയം ആഘോഷിക്കുന്ന ഈ സമയത്ത് കേരളത്തിന്റെ ഭാവി വികസന സാധ്യതകളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. കൂടാതെ വിദ്യഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലയിലും വലിയ സംഭാവനകള്‍ നടത്താന്‍ കഴിയുന്ന മേഖലയുമാണ് കേരളം. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സാമൂഹ്യ പുരോഗതി നേടാനായി കേരളത്തില്‍ പുതിയ പാത തുറക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും കേരളീയം 2023 ന് കഴിയും. കേരളീയത്തില്‍ നിന്നുയരുന്ന ചര്‍ച്ചകള്‍ പൊതുഇടങ്ങളിലെല്ലാം ചര്‍ച്ചയാകുകയും ചെയ്യട്ടെ. നവകേരളത്തിനായുള്ള വഴിത്താരകള്‍ വെട്ടിത്തുറക്കാന്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യങ്ങളെയും നേട്ടങ്ങളെയും അവതരിപ്പിക്കുന്ന കേരളീയത്തിലെ ചര്‍ച്ചകള്‍ വഴിതുറക്കട്ടെ എന്നും ആശംസിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here