ശബരിപാത നടത്താനല്ല നടത്തിക്കാതിരിക്കാനുള്ള ദുഷ്ട ഉപായങ്ങളാണ് മോദി മെനയുന്നതെന്ന് ഡോ. തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ടലാക്ക് പൂര്‍ണമായും വെളിപ്പെടുത്തുന്ന നീക്കമാണ് ശബരി റെയില്‍പ്പാതയില്‍ ഉണ്ടായിട്ടുള്ളത്. കിഫ്ബി വായ്പ സര്‍ക്കാരിന്റെ വായ്പയായി പരിഗണിക്കുമെന്ന് പറയുന്നതിനുള്ള ന്യായം സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്നാണ് ഈ വായ്പ തിരിച്ചടയ്ക്കുന്നത് എന്നുള്ളതാണല്ലോ. എന്നാല്‍, ഈ തൊടുന്യായം ശബരി റെയില്‍പാതയ്ക്കുള്ള കിഫ്ബി വായ്പയ്ക്ക് ബാധകമല്ലായെന്ന് എത്രയോ വ്യക്തമാണ്. ഈ യുക്തിവച്ചാണെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി വ്യാഖ്യാനിക്കാനാകും. തീര്‍ന്നില്ല കേന്ദ്രത്തിന്റെ ദുഷ്ടത്തരം. ഒരു ചര്‍ച്ചയും നടത്താതെ പൊടുന്നനെ ഇരട്ടപ്പാത ആക്കണമെന്നാണ് നിര്‍ദേശം. അപ്പോള്‍ കേരളം 4500 കോടി രൂപ അധികമായി കണ്ടെത്തണം. അത് ബജറ്റില്‍ നിന്നുതന്നെ വേണംതാനും.
‘ശബരി റെയില്‍ വീണ്ടും അനിശ്ചിതത്വത്തില്‍’ എന്നാണ് മനോരമയുടെ തലക്കെട്ട്. കാരണമോ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളം തള്ളി. ‘ഫലത്തില്‍ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി’. എന്താണ് മുഖ്യമാര്‍ഗ്ഗ തടസ്സം? പദ്ധതിച്ചെലവിന്റെ പകുതി കേരളം വഹിക്കണം. ഒറ്റപ്പാത ആണെങ്കില്‍ ഏതാണ്ട് 2000 കോടി രൂപ കേരളം വഹിക്കണം. ഇതിനു കേരളം സമ്മതിച്ചിട്ടുണ്ട്. ദേശീയപാതയുടെ വികസനത്തിനെന്നപോലെ കിഫ്ബി വഴി വായ്പയെടുത്തു നല്‍കാം. പക്ഷേ, കേന്ദ്രത്തിന് അത് സമ്മതമല്ല. കിഫ്ബി വഴി ആണെങ്കിലും അത് സംസ്ഥാന സര്‍ക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പയുടെ ഭാഗമായി കണക്കാക്കും. എന്നുവച്ചാല്‍ സംസ്ഥാന ബജറ്റില്‍ നിന്നുതന്നെ പണം നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
Read Also: കേരളത്തിന്റെ വികസനത്തിൽ കേരള ബാങ്കിന് വലിയ പങ്ക്: മന്ത്രി വി എൻ വാസവൻ
ഈ മര്‍ക്കടമുഷ്ടിക്ക് എന്തെങ്കിലും ന്യായമുണ്ടോ? കിഫ്ബി വായ്പ തിരിച്ചടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാവി ഗ്രാന്റില്‍ നിന്നാണ് എന്നതുകൊണ്ട് കിഫ്ബി വായ്പ ഓഫ് ബജറ്റ് ബോറോയിംഗാണ്. അങ്ങനെയെടുക്കുന്ന വായ്പ സംസ്ഥാനത്തിന് ഓരോ വര്‍ഷവും അനുവദനീയമായ പരിധിക്കുള്ളില്‍ വരും. അത് കുറച്ചേ ബജറ്റിനു വേണ്ടി വായ്പയെടുക്കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നു മാത്രമല്ല, ഈ പുതിയ ചട്ടത്തിന് മുന്‍കാല പ്രാബല്യം നല്‍കി 2016 മുതല്‍ കിഫ്ബി എടുത്ത വായ്പകള്‍ ബജറ്റില്‍ നിന്ന് വെട്ടിക്കുറിച്ചപ്പോഴാണ് കേരളത്തില്‍ ധനപ്രതിസന്ധി ഉണ്ടായത്. ഈ ധനപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതിനുള്ള ഉപായങ്ങള്‍ ആരായുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിഴിഞ്ഞത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റിനു പകരം വായ്പയാക്കുന്നതിന്റെ പിന്നിലും ഈ ഗൂഢലക്ഷ്യമാണ്.
ശബരിപാത ആദായദായകരമായ പദ്ധതിയാണ്. കിഫ്ബി എടുക്കുന്ന വായ്പ പദ്ധതിയില്‍ നിന്നുള്ള ആദായംകൊണ്ട് തിരിച്ചടയ്ക്കാവുന്നതാണ്. റവന്യൂ മോഡല്‍ വായ്പയാണ്. ഇങ്ങനെയുള്ള ഒരു വായ്പ എങ്ങനെയാണ് സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ ഉള്‍പ്പെടുത്തുന്നത്? ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാവുന്ന ഒരു നിലപാടാണിതെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here