ശബരിമലയിലെ അരവണ വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും. ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്കെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി തിരുവിതാകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പ്രസിഡൻ്റ് പി എസ് പ്രശാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഴ്ച വരുത്തിയ കരാറുകാർക്ക് എതിരെ നടപടി സ്വീകരിക്കാനും ബോർഡ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ശബരിമലയിൽ ടിന്നിൻ്റെ ക്ഷാമത്തെ തുടർന്ന് ഏർപ്പെടുത്തിയ അരവണ വിതരണത്തിലെ നിയന്ത്രണം ഞായറാഴ്ച ഉച്ചയോടെ നീങ്ങും. പുതിയ കരാറിലെ ടിന്നുകൾ എത്തിത്തുടങ്ങിയതോടെയാണിതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഒരു കമ്പനി 1.50ലക്ഷവും, രണ്ടാമത്തെ കമ്പനി 50,000 എണ്ണവും ഉൾപ്പടെ പ്രതിദിനം രണ്ടുലക്ഷം വീതം ടിന്നുകളാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം എത്തിച്ചത് ഉൾപ്പടെ പമ്പയിൽ ഇതിനോടകം മൂന്ന് ലക്ഷം ടിന്നുകൾ എത്തിയിട്ടുണ്ട്. ഇത് ട്രാക്ടറിൽ കയറ്റി സന്നിധാനത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം ആദ്യകരാറിലെ രണ്ട് കമ്പനികളിൽ, ആദ്യത്തെ കമ്പനി ഒരുലക്ഷവും രണ്ടാമത്തെ കമ്പനി 50,000 വീതവും ഇപ്പോഴും പ്രതിദിനം എത്തിക്കുന്നുണ്ട്. ഇതോടെ പ്രതിദിനം മൂന്ന് ലക്ഷം ടിന്നുകളാണ് സന്നിധാനത്ത് എത്തുക.
കഴിഞ്ഞ ആഴ്ച മുതലാണ് ടിൻ ക്ഷാമം കാരണം അരവണ വിതരണത്തിൽ ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആദ്യം ഒരാൾക്ക് വാങ്ങാവുന്ന അരവണ അഞ്ചാക്കി. പിന്നീട്, രണ്ടെന്ന രീതിയിൽ വെട്ടിച്ചുരുക്കുകയായിരുന്നു. അതേ സമയം ,നിലവിൽ പതിനെട്ടാം പടിയ്ക്ക് സമീപത്തുള്ള കൗണ്ടറിലും, മാളികപ്പുറത്തിന് സമീപത്തെ കൗണ്ടറിലും എല്ലാദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് ടിൻ അരവണ മാത്രമേ ഉണ്ടാകൂവെന്ന് കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here