മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി
തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പ്രവേശനം ഉച്ചയ്ക്ക് 12 മണിവരെ മാത്രം. മകരജ്യോതി കണ്ടു മടങ്ങുന്നവർ പൊലീസിൻ്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ദേവസ്വം ബോർഡ്.
മകരവിളക്ക് ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാവില്ല. രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
മകരജ്യോതി കാണാൻ രണ്ട് ലക്ഷത്തോളം തീർത്ഥാടകരാണ് സന്നിധാനത്ത് തമ്പടിച്ചിരിക്കുന്നത്. ദർശനം കഴിഞ്ഞ് മടങ്ങുന്നവർ സ്വയം നിയന്ത്രിക്കുകയും, പോലീസിന്റെ നിർദ്ദേശം കർശനമായി പാലിക്കുകയും വേണം. പ്രായമായ അമ്മമാരും കുട്ടികളും,മകരവിളക്ക് ദിനത്തിൽ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here