മകരവിളക്ക് മഹോത്സവം; ശനിയാഴ്ച നട തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. പിന്നീട് തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും. മണ്ഡലപൂജകൾക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് നട അടച്ചിരുന്നു.

ALSO READ: ‘ക്യാപ്റ്റൻ കമ്മിന്‍സിന്റെ കയ്യിൽ എല്ലാം ഭദ്രം’ പാക്കിസ്ഥാനെ തോൽപ്പിച്ച് മെല്‍ബണ്‍ ടെസ്റ്റ് നേടി ഓസീസ്

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്ന് പുലർച്ചെ  2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനായിരിക്കും നടതുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം നട അടക്കും.

ALSO READ: പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം

മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News