ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനാണ് ഈ പ്ലാന്റുകൾ ഉപയോഗിക്കുക. ഇതിന് പുറമേ രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ന് ശബരിമലയിൽ എത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും ഈ നാല് എം ടി യു കളും വിന്യസിക്കുക. വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ എം ടി യു കൾ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് ശബരിമലയിൽ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ എം ടി യുകൾ ശബരിമലയിൽ തുടരും.
Also read: തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്
വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്കരിക്കാനാവും എന്നതാണ് മൊബൈൽ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ഒരു തവണ ഓരോ എംടിയുവിനും ആറായിരം ലിറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാനാവും. ജനത്തിരക്കുള്ള പ്രദേശങ്ങളിലും പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലും ഈ സൌകര്യം വളരെ പ്രയോജനപ്രദമാണ്. ശബരിമല പോലെ ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പ്രദേശങ്ങളിൽ മാലിന്യസംസ്കരണം ശാസ്ത്രീയവും വിപുലവുമാക്കാനാണുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് എം ടി യുകൾ ഉപയോഗിക്കുന്നത്.
എംടിയുകളുടെ പ്രവർത്തനം വിലയിരുത്തി കൂടുതൽ കേന്ദ്രങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിന്റെ സാഹചര്യത്തിൽ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾക്കും, അണ്ടർഗ്രൌണ്ട് ട്രീറ്റ്മെന്റ് പ്ലാന്റുകൾക്കും വലിയ സാധ്യതയുണ്ട്. മാലിന്യമുക്തമായ കേരളമൊരുക്കാൻ എസ് ടി പി കളും എഫ് എസ് ടി പികളും അനിവാര്യമാണ്. ശബരിമലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ എല്ലാ പ്രധാന ഉത്സവാഘോഷങ്ങൾക്കും ദിശാബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സജീവ് കുമാർ, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ഷിബിൽ എ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ജോയിന്റ് ഡയറക്ടർ ഹുവൈസ് തുടങ്ങിയവർ സംസാരിച്ചു.
Also read: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം
മണ്ഡലകാലത്തോടനുബന്ധിച്ചു ശാസ്ത്രീയ മലിനജല പരിപാലനവും ശുചിമുറി സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ
- പമ്പയിൽ 3.5 എം.എൽ.ഡി പ്ലാന്റ് പ്രവർത്തിക്കുന്നു. പുനരുദ്ധാരണത്തിനും ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചുവരുന്നു.
- കക്കൂസ് മാലിന്യം ശേഖരിക്കുന്നതിനായി നിലയ്ക്കലിൽ 2 ലക്ഷം ലിറ്ററിന്റെ സൗകര്യം.
- സന്നിധാനത്ത് 5 എംഎൽഡി പ്ലാന്റ് പ്രവർത്തിച്ചുവരുന്നു.
- ദേവസ്വം ബോർഡിന്റെ ഒരു സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ മാലിന്യ ചോർച്ച കണ്ടെത്തുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്തു.
- എരുമേലിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കി. ഒരു തവണ ആറായിരം ലിറ്റർ ശൗചാലയ മാലിന്യം ഇതിലൂടെ സംസ്കരിക്കാൻ സാധിക്കും. 24 മണിക്കൂർ പ്രവർത്തനം ആണ് പ്ലാന്റിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ 1,11,710 ലിറ്റർഇത് വരെ സംസ്കരിച്ചു. പ്രദേശത്തെ ശൗചാലയ കോംപ്ലക്സ് ഉടമകളുടെ യോഗം വിളിച്ചു ചേർക്കുകയും എരുമേലി ടൗണിലും കണമല, കാളകെട്ടി, കൊരട്ടി ഉൾപ്പടെ എരുമേലിയിലെ തീർത്ഥാടന ഇടത്താവളങ്ങളിലെ മുഴുവൻ ശൗചാലയങ്ങളുടെയും തൽസ്ഥിതിവിവരങ്ങൾ സർവേ നടത്തി ലൊക്കേഷൻ മാപ്പിങ് സഹിതം ശേഖരിച്ച് വിലയിരുത്തിയിരുന്നു. സർക്കാർ ആശുപത്രി, പോലിസ് സ്റ്റേഷൻ, പോലിസ് ക്യാമ്പ്, ബസ് സ്റ്റാന്റുകൾ, ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉൾപ്പടെ മുഴുവൻ ശുചിമുറികളുടെയും സ്ഥിതിവിവരകണക്ക് ആണ് ഇതിലൂടെ സമാഹരിച്ചത്.
- നിലയ്ക്കലിൽ എസ് ടിപിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
- ഏറ്റുമാനൂർ ഇടത്താവളത്തിൽ എം ടി യു വിന്യസിച്ചു
- കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മാലിന്യ സംസ്കരണത്തിന് കൺട്രോൾ റൂം സജ്ജമാക്കിയത്.
- ശൗചാലയങ്ങളുടെ തൽസ്ഥിതി സർവേ മാപ്പിങ് നടത്തി – സീസൺ തുടങ്ങിയ ദിവസം മുതൽ എല്ലാ ടോയ്‌ലറ്റുകളും പ്രവർത്തന സജ്ജമാണ്. നിലവിൽ 2288 ശൗചാലയങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ( നിലയ്ക്കൽ – 933 , പമ്പ – 505 , സന്നിധാനം – 1005 ), 103 ബയോ ടോയ്‌ലറ്റുകളും 130 ബയോ യൂറിനുകളും സ്ഥാപിച്ചിട്ടുണ്ട്.
- ശുചിത്വപാലന പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here