ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇന്ന് ഉച്ചവരെ നാല്‍പത്തി അയ്യായിരത്തോളം പേര്‍ ദര്‍ശനം നടത്തി. തിരക്ക് കുറഞ്ഞതിനാല്‍ പമ്പയില്‍ നിയന്ത്രണങ്ങള്‍ ഇല്ല. പകല്‍ സമയം മലകയറുന്ന ഭക്തര്‍ക്ക് സുഖ ദര്‍ശനമാണ്.
70,000 പേര്‍ ഇന്നും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ട്. പത്താം തീയതി വരെ സാധാരണ തിരക്കാണ് പ്രതീക്ഷിക്കുന്നത്. പിന്നിട് എത്തുന്ന തീര്‍ത്ഥാടകര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് മകരവിളക് ദര്‍ശനം നടത്തി മടങ്ങുകയാണ് പതിവ്.
ഇന്നലെ 87,028 പേര്‍ ദര്‍ശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി 23,562 പേരും പുല്ലുമേട് പാതയില്‍ 3,439 തീര്‍ത്ഥാടകരും ദര്‍ശനത്തിനെത്തി. ശബരിമലയിൽ തിരക്ക് വർദ്ധിക്കുമ്പോഴും അയ്യപ്പ ഭക്തർക്ക് ദർശനം സുഗമമാണ്. നിലവിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടതായി വരുന്നില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ പരാതി രഹിതമായാണ് മകരവിളക്ക് തീർത്ഥാടനം പുരോഗിക്കുന്നത്. നിറഞ്ഞ സംതൃപ്തിയോടെ തീർത്ഥാടകർ ദർശനം നടത്തി മടങ്ങുന്നു.
പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ അയ്യപ്പൻമാർ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തുന്നുണ്ട്. ശരാശരി 75 പേർ ഒരു മിനിറ്റിൽ ദർശനം നടത്തുന്നു. തിരക്കുള്ള ദിവസങ്ങളിൽ 90,000 ലധികം പേർക്കാണ് അയ്യപ്പദർശനം ലഭിക്കുന്നത്. ശേഷിക്കുന്നവരെ മാളികപ്പുറത്തുള്ള ക്യൂ കോപ്ലക്സിൽ തങ്ങാൻ അനുവദിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here