വീണ്ടുമൊരു തീര്‍ത്ഥാടന കാലം; മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sabarimala

മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് നാലിനാണ്  നട തുറന്ന് ദീപം തെളിയിക്കുക. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

വീണ്ടുമൊരു തീര്‍ത്ഥാടന കാലത്തെ വരവേല്‍ക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വൈകിട്ട് നാലിന് നട തുറന്ന് ദീപം തെളിയിക്കുന്നതോടെ തീര്‍ത്ഥാടന കാലത്തിന് തുടക്കമാവും. ശേഷം ആഴിയില്‍ അഗ്‌നിപകരും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും.

പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ശനിയാഴ്ച്ചയാണ് ചുമതലയേല്‍ക്കുക. വൃശ്ചിക മാസം ഒന്നിന് പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. പുതിയ മേല്‍ശാന്തിമാരാകും വൃശ്ചികപ്പുലരിയില്‍ നട തുറക്കുന്നത്.

Also Read : കുവൈത്തിന്റെ പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോ പുറത്തിറക്കി കുവൈത്ത് വാര്‍ത്താ വിനിമയമന്ത്രാലയം

16 മുതല്‍ ഡിസംബര്‍ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. പുലര്‍ച്ചെ മൂന്ന് മുതല്‍ പകല്‍ ഒന്ന് വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനസമയം. മണ്ഡലപൂജ ഡിസംബര്‍ 26ന് ആണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും.

ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും. ദിവസം 80,000 പേര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയും 10,000 പേര്‍ക്ക് എന്‍ട്രി പോയിന്റ് ബുക്കിങിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ദര്‍ശനത്തിന് എത്തുന്ന ആരെയും മടക്കി അയക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തീര്‍ത്ഥാടനത്തിനു മുന്നോടിയായി പൂര്‍ത്തിയാക്കിയ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദേവസം മന്ത്രി വി. എന്‍ വാസവന്‍ നിര്‍വഹിക്കും. റാന്നിയിലും നിലക്കലിലും, പമ്പയിലുമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News