കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു. കർക്കിടക വാവ് ദിവസമായ നാളെ പുലർച്ചെ മുതൽ പമ്പയിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.വൈകിട്ട് 5 മണിയോടെ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്.ദീപങ്ങൾ തെളിയിച്ച് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്നുണർത്തിയ മേൽശാന്തി പിന്നീട് പതിനെട്ടാം പടി ഇറങ്ങി തിരുമുറ്റത്തെ ആഴിയിൽ അഗ്‌നി പകർന്നു.ഇതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ ശരണം വിളിയുടെ പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തേക്ക് എത്തി തുടങ്ങി. കർക്കിടക മാസം ഒന്നാം തീയതി ദിവസമായ നാളെ പുലർച്ചെ മുതലാണ് കർക്കിടക മാസ പൂജകൾ ആരംഭിക്കുന്നത്. അന്നേ ദിവസം കർക്കിടക വാവ് വരുന്നതിനാൽ പുലർച്ചെ മുതൽ പമ്പയിൽ പിത്യ തർപ്പണ ചടങ്ങുകളും നടക്കും.
വനവാസകാലത്ത് പിതാവ് ദശരഥ മഹാരാജാവിൻ്റെ ദേഹ വിയോഗം അറിഞ്ഞ ശ്രീരാമചന്ദ്രൻ പമ്പ ത്രിവേണിയിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തിയതായി ഐതീഹ്യമുണ്ട്. അതിനാൽ ത്രിവേണിയിലെ ബലിതർപ്പണം പണ്വമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. എല്ലാ വർഷവും നിരവധി ഭക്തരാണ് പമ്പാ ത്രിവേണിയിൽ ബലിതർപ്പണത്തിനായി എത്തുന്നത്. ബലിതർപ്പണ ചടങ്ങുകൾക്കായി ത്രിവേണിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി 2I ന് രാത്രി 10 ന് നടയടക്കും. പിന്നീട് നിറപുത്തരി ചടങ്ങുകൾക്കായി ഓഗസ്റ്റ് മാസം 9 ന് നട തുറക്കും. 10 നാണ് നിറപുത്തരി ചടങ്ങുകൾ നടക്കുന്നത്.
Also Read: ശക്തമായ കാറ്റിനും മഴക്കും സാധ്യത; കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here