രാജ്യത്ത് ആർ എസ് എസ് ബിജെപി ഭരണത്തിൻ കീഴിൽ നടക്കുന്ന വർഗീയതയുടെ പശ്ചാത്തലത്തിൽ സച്ചിദാന്ദൻ എഴുതിയ ‘മുസ്‌ലിം’ എന്ന കവിത സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. പ്രമുഖരടക്കം നിരവധിപേരാണ് സച്ചിദാന്ദന്റെ ഈ കവിത സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെയ്ക്കുന്നത്. മുസ്‌ലിം വിഭാഗത്തോടുള്ള ബിജെപിയുടെ അവഗണന നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ കവിത വീണ്ടും ചർച്ചയാകുന്നത് എന്നതാണ് ശ്രദ്ധേയം. കാലികവും സാമൂഹികവുമായ പ്രസക്തി കണക്കിലെടുത്ത് ആണ് കവിത ചർച്ചയാകുന്നത്.
ALSO READ:ഗ്യാന്‍വാപ്പി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
സച്ചിദാനന്ദന്റെ കവിതയുടെ പൂർണരൂപം
ഞാന് മുസ്ലിം
സച്ചിദാനന്ദന്
ഞാന് മുസ്ലിം
രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല് റഹ്മാന്
ഉബൈദില് താളമിട്ടവന്
മോയിന് കുട്ടിയില് മുഴങ്ങിപ്പെയ്തവന്
‘ക്രൂരമുഹമ്മദരു’ടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര് നാടകങ്ങളില്
നല്ലവനായ അയല്ക്കാരന്
‘ഒറ്റ ക്കണ്ണനും’ ‘എട്ടുകാലി’യും
‘മുങ്ങാങ്കോഴി’യുമായി ഞാന്
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയതങ്ങളുടെ പ്രതാപവുമായി
എന്റെ വീടര് ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു.
ഒരു നാളുണര്ന്നു നോക്കുമ്പോള്
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം ‘കുഫിയ്യ’
കത്തിക്കു പകരം തോക്ക്
കളസം നിറയെ ചോര
ഖല്ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് ‘ഖഗ് വ’
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേരു : ‘ഭീകരവാദി’
ഇന്നാട്ടില് പിറന്നു പോയി, ഖബറ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള് വീടു കിട്ടാത്ത യത്തീം
ആര്ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റു മുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി : എന്റെ പേര്.
ആ ‘നല്ല മനിസ’നാകാന് ഞാനിനിയും
എത്ര നോമ്പുകള് നോല്ക്കണം?
‘ഇഷ്ഖി’നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു ‘ഖയാലായി’ മാറാനെങ്കിലും?
കുഴിച്ചുമൂടിക്കോളൂ ഒപ്പനയും കോല്ക്കളീയും ദഫ് മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രവിരിപ്പുകളും വര്ണ്ണ ചിത്രങ്ങളും
തിരിച്ചു തരൂ എനിക്കെന്റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here