രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് സര്‍ക്കാറിനെതിരെ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്‍റെ ‘ജൻ സംഘർഷ് യാത്ര’ രണ്ടാം ദിവസത്തില്‍. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജസ്ഥാൻ പിഎസ് സി അംഗത്തെ അറസ്റ്റ് ചെയ്ത നടപടിയെ സച്ചിൻ പൈലറ്റ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗം ചോദ്യ പേപ്പർ ചോർച്ച കേസിൽ അറസ്റ്റിലാകുന്നത്. പബ്ലിക് സർവീസ് കമ്മീഷന്റെ മുഴുവൻ ഘടനയിലും “മാറ്റം” വരണമെന്നും പൈലറ്റ് ആഹ്വാനം ചെയ്തു. അജ്മീർ ജില്ലയിലെ കിഷൻഗഡിലെ ടോൾ പ്ലാസയിൽ ജൻ സംഘർഷ് യാത്രയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്റെ പോരാട്ടം ജനങ്ങൾക്ക് വേണ്ടിയാണ് എന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
കൊടുംചൂടിനെ അവഗണിച്ചും ജനങ്ങൾ പദയാത്രയിൽ പങ്കുചേരുന്നത് താൻ ഉയർത്തിയ വിഷയങ്ങളുടെ ഗൗരവം കൊണ്ടാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. അടുത്ത വലിയ ചുവടുവെപ്പിന് തയ്യാറാകൂ എന്ന് സച്ചിന്‍ പൈലറ്റ് യാത്രക്കിടെ ആഹ്വാനം ചെയ്തെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. തന്‍റെ അടുത്ത പദ്ധതിയെന്തെന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുമെന്ന് അനുയായികള്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങള്‍ക്കിടയിലെ തന്‍റെ സ്വാധീനം തെളിയിക്കാനാണ് സച്ചിന്‍ പൈലറ്റിന്‍റെ പദ യാത്രയെന്നാണ് വിലയിരുത്തല്‍. രാജസ്ഥാനിലെ അഴിമതിക്ക് പുറമെ, പിഎസ് സി പരീക്ഷകളിലെ പേപ്പർ ചോർച്ച കേസുകൾ ചർച്ച ചെയ്താണ് യാത്ര പുരോഗമിക്കുന്നത്.
അതേസമയം, യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെട്ടെങ്കിലും പിന്മാറാൻ സച്ചിൻ പൈലറ്റ് തയ്യാറായില്ല. പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ കോൺഗ്രസ് നേതൃയോഗം ചേർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച തന്നെ ദില്ലിയിൽ രാജസ്ഥാൻ കോൺഗ്രസിൻ്റെ ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചനകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here