കൂടുതല്‍ ദുര്‍ബലനായി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തുടരുമോ? എന്താവും സച്ചിന്റെ പ്ലാന്‍ ബിയും പ്ലാന്‍ സിയും?

ദിപിന്‍ മാനന്തവാടി

ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ അധികാര തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഏറ്റവും ഒടുവില്‍ അശോക് ഗഹ്‌ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് നടത്തിയിരിക്കുന്ന തുറന്ന യുദ്ധപ്രഖ്യാപനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തവണ സച്ചിനെ കൊള്ളാനും അശോക് ഗഹ്‌ലോട്ടിനെ തള്ളാനും കഴിയാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം പെട്ടിരിക്കുന്നത്.

അശോക് ഗഹ്‌ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ഇതുവരെ നടത്തിയ വിമതനീക്കങ്ങളിലെല്ലാം സമവായത്തിന്റെ സമീപനമായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉണ്ടായിരുന്ന മൃദുസമീപനമായിരുന്നു ഈ ഘട്ടത്തിലെല്ലാം സച്ചിന് തുണയായതെന്ന് വിലയിരുത്തലുകളുമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സച്ചിനോട് അയഞ്ഞ സമീപനം സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിക്കുമോയെന്ന് കണ്ടറിയണം.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തുന്നത് പാര്‍ട്ടിവരുദ്ധ നടപടിയാണെന്നും നിരാഹാരത്തില്‍ നിന്നും പിന്മാറണമെന്നും ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഇത്തരം ശാസനകളെല്ലാം അവഗണിച്ചായിരുന്നു സച്ചിന്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ നിരാഹരം ഇരുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ച സച്ചിനെതിരെ അശോക് ഗഹ് ലോട്ട് തന്നെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം അവഗണിച്ച് സച്ചിനെ ഹൈക്കമാന്‍ഡ് പിന്തുണച്ചാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉറപ്പാണ്. സച്ചിനെതിരെ നടപടി ആവശ്യപ്പെടുന്ന അശോക് ഗെഹ്‌ലോട്ടിന് തന്നെയാണ് ഇപ്പോഴും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡിനെക്കാള്‍ സ്വാധീനം. അത് നേരത്തെയും പലവട്ടം തെളിഞ്ഞിട്ടുള്ളതുമാണ്.

ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഗഹ്‌ലോട്ട് നേരത്തെ ഉന്നയിച്ചിരുന്നു. 2020 ജൂലൈ മാസത്തില്‍ പാര്‍ട്ടിയിലെ 20 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി താമസിപ്പിച്ച് ഗഹ്‌ലോട്ടിനെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ഭീഷണി അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ ഉയര്‍ത്തിയിരുന്നു. ഗഹ്‌ലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുമെന്നായിരുന്നു സച്ചിന്റെ ഭീഷണി. എന്നാല്‍ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഉറപ്പിച്ച് ഗഹ്‌ലോട്ട് സച്ചിന്റെ നീക്കത്തെ പരാജയപ്പെടുത്തി. ഇതേ തുടര്‍ന്ന് സച്ചിനെതിരെ നടപടി വേണമെന്ന് ഗഹ്‌ലോട്ട് നിലപാട് സ്വീകരിച്ചിരുന്നു. ഒടുവില്‍ സച്ചിനെ ഉപമുഖ്യമന്ത്രി പദവിയില്‍ നിന്നും മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറായതോടെയാണ് ഗെഹ്‌ലോട്ട് സച്ചിനെതിരായ നടപടി എന്നതില്‍ നിന്നും പിന്നാക്കം പോയത്.

അന്ന് ഉപമുഖ്യമന്ത്രി പദവി മാത്രമല്ല രാജസ്ഥാന്‍ പിസിസി അധ്യക്ഷ പദവി കൂടിയാണ് സച്ചിന് നഷ്ടമായത്. 20 എംഎല്‍എമാരുടെ പിന്തുണയായിരുന്നു അതുവരെ സച്ചിന്റെ തുരുപ്പ് ചീട്ടെങ്കില്‍ ഈ സംഭവത്തോടെ സച്ചിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം പത്തായി ചുരുങ്ങി. പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുന്ന പദവികളില്‍ നിന്നെല്ലാം സച്ചിനെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡിനെ നിര്‍ബന്ധിതമാക്കിയായിരുന്നു ഗഹ്‌ലോട്ട് അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തയ്യാറായത്. ചിറകരിയപ്പെട്ട് പാര്‍ട്ടിയില്‍ ദുര്‍ബലനായി പോയ സച്ചിന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സ്വയം രാഷ്ട്രീയ ചാവേര്‍ ആയി മാറാന്‍ തീരുമാനിച്ചത് ആലോചിച്ച് ഉറപ്പിച്ച് തന്നെയാകാനാണ് സാധ്യത.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഗഹ്‌ലോട്ടിനെ അനുനയിപ്പിച്ച് സച്ചിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയിരുന്ന ഹൈക്കമാന്‍ഡ് സമീപനം ഇനി അംഗീകരിച്ച് നല്‍കില്ലെന്ന ശക്തമായ നിലപാടിലാണ് അശോക് ഗഹ്‌ലോട്ട്. 2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കാനായിരുന്നു രാഹുല്‍ ഗാന്ധിക്ക് താല്‍പ്പര്യം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിച്ചത് പിസിസി പ്രസിഡന്റായിരുന്ന സച്ചിന്‍ പൈലറ്റിന്റെ പ്രതിച്ഛായയിലാണ് എന്ന വിവരണം അക്കാലത്ത് ശക്തമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകാനുള്ള അശോക് ഗഹ്‌ലോട്ടിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് മുട്ടുമടക്കേണ്ടി വന്നു. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും കൊണ്ട് സച്ചിന് തൃപ്തിപ്പെടേണ്ടിയും വന്നു.

Also Read: അനില്‍ ആന്റണിയുടെ കൂടുവിട്ട് കൂടുമാറ്റം എങ്ങനെയെല്ലാം വായിക്കാം?

പിന്നീട് മുഖ്യമന്ത്രിയെന്ന നിലയില്‍ അശോക് ഗഹ്‌ലോട്ടിന്റെ പ്രതിച്ഛായയും സ്വാധീനവും പാര്‍ട്ടിയിലും അനുയായികള്‍ക്കിടയിലും വര്‍ദ്ധിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശേഷിച്ച് സോണിയ ഗാന്ധിയുടെ വിശ്വസ്തനായി അശോക് ഗഹ്‌ലോട്ട് മാറിയിരുന്നു. അതിനാല്‍ തന്നെ സച്ചിന്റെ ചിറകരിയുന്ന നിലയില്‍ 2020ലെ വിമതനീക്കത്തിന് പരിഹാരമുണ്ടാക്കാന്‍ അശോക് ഗഹ്‌ലോട്ടിന് സാധിച്ചിരുന്നു.

പിന്നീട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അശോക് ഗഹ്‌ലോട്ട് നെഹ്‌റു കുടുംബത്തിന്റെ കണ്ണിലെ കരടായി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ നെഹ്‌റു കുടുംബം കണ്ടെത്തിയത് അശോക് ഗഹ്‌ലോട്ടിനെയായിരുന്നു. അശോക് ഗഹ്‌ലോട്ട് ദേശീയ അധ്യക്ഷനാകുന്നതോടെ സച്ചിനെ മുഖ്യമന്ത്രിയാക്കുക എന്ന രാഹുല്‍ ഗാന്ധിയുടെ ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കാക്കിയിരുന്നു. ദേശീയ അധ്യക്ഷനാകുന്നതോടെ മുഖ്യമന്ത്രി സ്ഥാനം സച്ചിന് വേണ്ടി ഒഴിയേണ്ടി വരുമെന്ന് അശോക് ഗഹ് ലോട്ടിനും ബോധ്യമായി.

പക്ഷെ സച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്ന ശക്തമായ സമീപനം ഗഹ്‌ലോട്ട് പക്ഷക്കാര്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയായിരിക്കെ തന്നെ അശോക് ഗഹ്‌ലോട്ടിനെ ദേശീയ അധ്യക്ഷനാക്കണമെന്ന ആവശ്യം ഗഹ്‌ലോട്ട് പക്ഷ എംഎല്‍എമാര്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ വച്ചു. സച്ചിനെ മുഖ്യമന്ത്രിയാക്കി അവരോധിക്കാന്‍ ജയ്പൂരില്‍ എത്തിയ ദേശീയ നേതാക്കളുടെ നിലപാട് അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടും ഗഹ്‌ലോട്ട് പക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചു. അശോക് ഗഹ്‌ലോട്ടിന്റെ മൗനാനുവാദത്തോടെ പാര്‍ട്ടി അച്ചടക്ക ഭീഷണികള്‍ അവഗണിച്ചായിരുന്നു എംഎല്‍എമാര്‍ ഈ നിലപാട് കൈകൊണ്ടത്. നിയമസഭാകക്ഷിയില്‍ സച്ചിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകതെ വന്നതോടെ ഹൈക്കമാന്‍ഡ് ആ നീക്കത്തില്‍ നിന്നും പിന്മാറി. അധ്യക്ഷപദവിയിലേക്ക് ഗഹ് ലോട്ടിനെ പരിഗണിക്കാനുള്ള നീക്കത്തില്‍ നിന്നും നെഹ്‌റു കുടുംബവും പിന്മാറി. എന്നാല്‍ അതിനപ്പുറം അച്ചടക്ക നടപടികളൊന്നും അശോക് ഗഹ്‌ലോട്ടിനെതിരെയോ ഹൈക്കമാന്‍ഡ് തീരുമാനം ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെയോ എടുക്കാന്‍ ഹൈക്കമാന്‍ഡ് അശക്തരായിരുന്നു. അശോക് ഗഹ്‌ലോട്ടിനെ മറികടന്ന് രാജസ്ഥാനില്‍ ഇടപെടല്‍ നടത്തിയാല്‍ ഉണ്ടാകുന്ന പരിണിതഫലമാകും ഹൈക്കമാന്‍ഡിനെ തടഞ്ഞിരിക്കുക.

ഈ നിലയില്‍ അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അപ്രമാദിയായി നില്‍ക്കുന്ന ഘട്ടത്തിലാണ് ദുര്‍ബലനായ സച്ചിന്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. വസുന്ധര രാജെ സിന്ധ്യ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ഗഹ്‌ലോട്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ല എന്ന പരാതി ഉന്നയിച്ചായിരുന്നു സച്ചിന്റെ ഏകദിന നിരാഹാര സമരം. സച്ചിനെ പിന്തുണയ്ക്കുന്ന പത്ത് എംഎല്‍എമാര്‍ ഉണ്ടെങ്കിലും അവരാരും നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഗഹ്‌ലോട്ട് വിരുദ്ധരായ ചില മുന്‍ എംഎല്‍എമാരും എംപിമാരും നിരാഹാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

വ്യക്തപരമായി പാര്‍ട്ടിയില്‍ ഇത്രയും ദുര്‍ബലനായി നില്‍ക്കേ സച്ചിന്‍ ആത്മഹത്യാപരമായ ഒരു രാഷ്ട്രീയനീക്കത്തിന് തയ്യാറായത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സച്ചിന്റെ നീക്കത്തിന് പിന്നിലെന്തെന്നത് സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 2018ല്‍ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സച്ചിന്‍ പൈലറ്റ് പിസിസി അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെല്ലാം സച്ചിന് നിര്‍ണ്ണായകമായ ഇടപെടല്‍ നടത്താനുള്ള ശേഷിയുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് സംവിധാനത്തിന്റെ ഭാഗമാകാന്‍ പോലും നിലവിലെ സാഹചര്യത്തില്‍ സച്ചിന് സാധിക്കില്ല. അതിനാല്‍ തന്നെ സ്വന്തം അനുയായികള്‍ക്ക് സ്ഥാനം ഉറപ്പാക്കാന്‍ പോലും കഴിയാത്ത നിലയില്‍ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍ തുടരുക സച്ചിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും പ്രതിപക്ഷത്തായാലും നിയമസഭാ കക്ഷിയുടെ നേതാവ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ പിന്തുണ അനിവാര്യമാണ്. അതിനാല്‍ തന്നെ തന്റെ പരമാവധി അനുയായികളെ മത്സരിപ്പിക്കാനും വിജയിപ്പിച്ചെടുക്കാനും സാധിക്കുന്ന നിലയിലുള്ള വിലപേശല്‍ ശേഷി തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്കുള്ളില്‍ ആര്‍ജ്ജിക്കുക എന്നത് സച്ചിനെ സംബന്ധിച്ച് പ്രധാനമാണ്. നിലവിലെ സാഹചര്യത്തില്‍ പിസിസി അധ്യക്ഷ സ്ഥാനത്തേക്കോ, ഉപമുഖ്യമന്ത്രി പദവിയിലേക്കോ മടങ്ങിയെത്തുക സാധ്യമല്ലെന്ന്് സച്ചിനും തിരിച്ചറിയുന്നുണ്ടാവും. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള തീരുമാനമെടുക്കുന്ന ഘടകത്തിലെങ്കിലും പരിഗണന കിട്ടാനുള്ള വിലപേശല്‍ എന്ന നിലയില്‍ സച്ചിന്റെ നിരാഹാര സമരം അടക്കമുള്ള നീക്കങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.

സച്ചിന്‍-ഗെഹ്‌ലോട്ട് പോരിന്റെ തുടക്കത്തില്‍ സച്ചിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു വസുന്ധര രാജെ സിന്ധ്യയുടേത്. എന്നാല്‍ ഇപ്പോള്‍ സച്ചിന് അനുകൂലമായ സമീപനം ഇല്ലെന്ന് മാത്രമല്ല സച്ചിനെ ബിജെപിയില്‍ അടുപ്പിക്കരുതെന്ന സമീപനമാണ് വസുന്ധര രാജെക്കുള്ളത്. ബിജെപി ദേശീയനേതൃത്വത്തെ സംബന്ധിച്ച് വസുന്ധര രാജെയുടെ നേതൃത്വത്തോട് തീരെ മതിപ്പില്ല. പ്രദേശികനേതാക്കളുടെ പ്രതിച്ഛയായെക്കാള്‍ മോദി-അമിത്ഷാ പ്രതിച്ഛായയെ തിരഞ്ഞെടുപ്പ് നേട്ടത്തില്‍ ഉയര്‍ത്തിക്കാണിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയോളം തലയെടുപ്പുള്ള നേതാക്കള്‍ ബിജെപിക്ക്് ഇല്ലായെങ്കിലും അവരെ അനിഷേധ്യ നേതാവായോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായോ ഉയര്‍ത്തിക്കാണിക്കുന്നതില്‍ കേന്ദ്രനേതൃത്വത്തിന് താല്‍പ്പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്.

Also Read: ജാലിയന്‍ വാലാബാഗ്, സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ

ഈ സാഹചര്യത്തില്‍ വസുന്ധരയുടെ കഴിഞ്ഞ ഭരണകാലത്തെ അഴിമതികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ ആഭ്യന്തരകലാപം ഉണ്ടാക്കുന്നത് യാദൃശ്ചികമല്ലെന്നും വിലയിരുത്തലുകളുണ്ട്. ബിജെപിയുടെ ഉന്നതരായ ബിഗ്2 നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് സച്ചിന്റെ വസുന്ധരക്കെതിരായ ഈ നീക്കമെന്നും നിരീക്ഷണങ്ങളുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് സച്ചിന്റെ നീക്കങ്ങളെന്ന അഭ്യൂഹത്തിന് പക്ഷെ മറ്റു സ്ഥിരീകരണങ്ങളൊന്നുമില്ല. മോദി അശോക് ഗഹ്‌ലോട്ടിനെ പുകഴ്ത്തിയതിന്റെയും അശോക് ഗഹ്‌ലോട്ട് മോദിയെ പുകഴ്ത്തിയതിന്റെയും പേരില്‍ സച്ചിന്‍ ഉയര്‍ത്തുന്ന വാദങ്ങളും ശ്രദ്ധേയമാണ്. നേരത്തെ ഗുലാം നബി ആസാദിനെ മോദി പുകഴ്ത്തിയതും തിരിച്ച് മോദിയെ ഗുലാം നബി ആസാദ് പുകഴ്ത്തിയതും തുടര്‍ന്ന് ഗുലാംനബി ആസാദ് കോണ്‍ഗ്രസ് വിട്ടതുമാണ് സച്ചിന്‍ ഈ വിഷയത്തോട് താരതമ്യപ്പെടുത്തുന്നത്. വസുന്ധര രാജെക്കെതിരായ അഴിമതികേസുകള്‍ അന്വേഷിക്കാതെ ഗഹ്‌ലോട്ട് അത് ഒതുക്കി തീര്‍ക്കുന്നു എന്ന വിവരണത്തിന് പിന്നാലെ അശോക് ഗഹ്‌ലോട്ട് ഗുലാംനബി ആസാദിന്റെ വഴിയെ ആണെന്ന് കൂടി സച്ചിന്‍ പറയുമ്പോള്‍ അതിന്റെ ലക്ഷ്യം സുവ്യക്തമാണ്.

ഇതിനിടെ കോണ്‍ഗ്രസ് വിട്ട് സച്ചിന്‍ രാജസ്ഥാനില്‍ ആം ആദ്മിയുടെ ഭാഗമാകുന്ന നിലയിലും അഭ്യൂഹങ്ങളുണ്ട്. ഗാന്ധിജിയുടെ ചിത്രം പശ്ചാത്തലമാക്കിയ വേദിയിലാണ് വസുന്ധര രാജെ സിന്ധ്യക്കെതിരായ അഴിമതി വിഷയം ഉയര്‍ത്തി സച്ചിന്‍ നിരാഹാര സമരമിരുന്നത്. ഒരേ സമയം കോണ്‍ഗ്രസിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കുന്ന ഒരു അഴിമതി വിഷയം സച്ചിന്‍ ഉന്നയിച്ചത് മൂന്നാമതൊരു സാധ്യതയുടെ വഴിതേടിയതാണ് എന്നതാണ് ഈ അഭ്യൂഹത്തിന്റെ അടിസ്ഥാനം. പഞ്ചാബിനോട് അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്റെ വടക്കന്‍ ജില്ലകളായ ഹനുമാന്‍ ഖഡിലും ഗംഗാ നഗറിലുമെല്ലാം സിഖ് ജനതയ്ക്ക് വലിയ നിലയില്‍ സ്വാധീനമുണ്ട്. ഇവിടെ ആം ആദ്മി രാഷ്ട്രീയത്തിന് സാധ്യതകളുണ്ട്. അതോടൊപ്പം ഗുജ്ജര്‍ സമുദായത്തിന്റെ പിന്തുണയും സച്ചിന് നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സച്ചിന്‍ പ്രതിനിധീകരിക്കുന്ന ഗുജ്ജര്‍ വിഭാഗത്തിന് കിഴക്കന്‍ രാജസ്ഥാനിലെ ഭരത്പൂര്‍, അല്‍വാര്‍ ദോസ തുടങ്ങിയ അഞ്ചോളം ജില്ലകളില്‍ വലിയ നിലയിലുള്ള സ്വാധീനമുണ്ട്. എന്നാല്‍ ഗുജ്ജര്‍ സമുദായത്തിന്റെ അനിഷേധ്യ നേതാവ് എന്ന സ്വീകാര്യത സച്ചിനില്ലെന്നതും പരിഗണിക്കപ്പെടേണ്ടതാണ്. സച്ചിന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഈ സാഹചര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തലുകള്‍. സച്ചിന്‍ സ്വന്തമായി മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയാല്‍ ഇത്രയും അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. ബിജെപിയിലേക്കാണ് സച്ചിന്റെ കണ്ണെങ്കില്‍ അവിടെ സച്ചിന് തുണയാകുക ഗുജ്ജര്‍ സമുദായത്തിന്റെ പിന്തുണയും കിഴക്കന്‍ രാജസ്ഥാനിലെ സ്വാധീനവുമാകും.

 അശോക് ഗെഹ്‌ലോട്ടിനെ പിണക്കുന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പോകാത്തതിന് നിരവധി കാരണങ്ങളുണ്ട്. 2018ല്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ സമയത്ത് സച്ചിന്‍ പ്രഭാവത്തില്‍ ഗഹ്‌ലോട്ടിന്റെ പ്രതിച്ഛായ ഇന്നത്തെയത്ര തിളക്കമുള്ളതായിരുന്നില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ അശോക് ഗെഹ്‌ലോട്ടിനുണ്ടായിരുന്നു മേല്‍ക്കൈ മാത്രമായിരുന്നു അന്ന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തടസ്സമായിരുന്നത്. എന്നാല്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം കഥമാറി. രാജസ്ഥാനില്‍ പാന്‍ രാജസ്ഥാന്‍ നേതാവ് എന്ന നിലയിലേക്ക് ഗഹ്‌ലോട്ടിന്റെ പ്രതിച്ഛായ മാറി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെക്കാളും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ആജ്ഞാശക്തി തനിക്കാണെന്ന് പലഘട്ടങ്ങളിലും അശോക് ഗഹ്്‌ലോട്ട് ഹൈക്കമാന്‍ഡിനെ ഓര്‍മ്മപ്പെടുത്തി.

സാമുദായികമായ വോട്ടുബാങ്കിന്റെ പിന്‍ബലത്തിലല്ല അശോക് ഗഹ്‌ലോട്ട് ഇത്തരത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അനിഷേധ്യനായി മാറിയത് എന്നതും ശ്രദ്ധേയമാണ്. ഗഹ്‌ലോട്ട് പ്രതിനിധീകരിക്കുന്ന മാലി സമുദായം സവിശേഷമായി ഏതെങ്കിലും പ്രദേശം കേന്ദ്രീകരിച്ച് സംഘടിത ശക്തിയുള്ള വിഭാഗമല്ല. മുഖ്യമന്ത്രിയായതിന് ശേഷം സ്വീകരിച്ച നിലപാടുകള്‍ അശോക് ഗഹ്‌ലോട്ടിനെ കൂടുതല്‍ ജനകീയനാക്കി. വലിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേയ്ക്ക് പോകുമായിരുന്ന ഉദയ്പൂര്‍ സംഭവത്തെ ഗെഹ്ലോട്ട് കൈകാര്യം ചെയ്ത രീതി അഭിനന്ദനീയമായിരുന്നു. സംഭവം ഉണ്ടായ ഉടനെ ഉദയ്പൂരില്‍ നേരിട്ടെത്തി വിഷയം കൈകാര്യം ചെയ്യാനും പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം തുറന്നുകാണിക്കാനുമെല്ലാം ഗെഹ്ലോട്ട് സവിശേഷമായ ആര്‍ജ്ജവം കാണിച്ചിരുന്നു. സമീപകാലത്തൊന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്നും കാണാന്‍ സാധിക്കാത്ത പക്വതയും ജാഗ്രതയുമായിരുന്നു ഈ വിഷയത്തില്‍ അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചത്.

പുതിയ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും പഴയ പെന്‍ഷന്‍ സ്‌കീമിലേയ്ക്ക് മാറുമെന്ന അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനവും ഏറെ ശ്രദ്ധേയമായിരുന്നു. ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ അശോക് ഗഹ്‌ലോട്ടിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഗഹ്‌ലോട്ടിന്റെ ബജറ്റിലുള്ളതെന്ന വിമര്‍ശനമുള്ളപ്പോള്‍ തന്നെ അത് ജനങ്ങളെ ആകര്‍ഷിക്കുന്നു എന്നതാണ് പ്രധാനം. കോണ്‍ഗ്രസിനെ ഭരണത്തുടര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയുമെന്ന പ്രതീതി പാര്‍ട്ടിക്കുള്ളിലും പുറത്തും സൃഷ്ടിക്കാന്‍ ഗഹ്‌ലോട്ടിന് കഴിയുന്നു എന്നത് പ്രധാനമാണ്. ഇതിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയില്ല എന്നത് തന്നെയാണ് ഗഹ്‌ലോട്ടിന്റെ കരുത്ത്.

എന്നാല്‍ അടുത്തിടെയായി ഗഹ്‌ലോട്ട് ബിജെപിയോട് കൂടുതല്‍ സമരസപ്പെടുന്നു അന്ന ആക്ഷേപം ശക്തമാണ്. സച്ചില്‍ പൈലറ്റും ഗഹ്‌ലോട്ടിനെതിരെ ഈ ആരോപണത്തിന്റെ കുന്തമുനയാണ് ചൂണ്ടാന്‍ ശ്രമിക്കുന്നത്. ജയ്പൂര്‍ സ്‌ഫോടനകേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കീഴ്‌ക്കോടതി നല്‍കിയിരുന്ന വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി മതിയായ തെളിവില്ലെന്ന് പറഞ്ഞ് അസാധുവാക്കിയിരുന്നു. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള അശോക് ഗഹ്‌ലോട്ട് സര്‍ക്കാരിന്റെ തീരുമാനം സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ നിന്നും രണ്ടു ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഹരിയാനയില്‍ കൊലപ്പെടുത്തിയ കേസിലും അശോക് ഗഹ്‌ലോട്ട് സര്‍ക്കാര്‍ സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും അദാനി ഗ്രൂപ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിന്റെ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ചുവപ്പ് പരവതാനി വിരിച്ചത് വിവാദമായിരുന്നു. ഈ നിലയില്‍ നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമിതമായ നിലപാടുകള്‍ അശോക് ഗഹ്‌ലോട്ട് സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അശോക് ഗഹ് ലോട്ടിനെ തള്ളി മുന്നോട്ടുപോകാനുള്ള കരുത്ത് ഹൈക്കമാന്‍ഡിനില്ല. അച്ചടക്കം ലംഘനം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണമെന്ന ഗഹ്‌ലോട്ടിന്റെ ആവശ്യം അതിനാല്‍ പരിഗണിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല. അച്ചടക്ക നടപടി അംഗീകരിച്ച് കൂടുതല്‍ ദുര്‍ബലനായി കോണ്‍ഗ്രസില്‍ തുടരാന്‍ സച്ചിന്‍ പൈലറ്റ് തയ്യാറാവുമോ എന്ന് കണ്ടറിയണം. അച്ചടക്ക നടപടി വന്നാല്‍ സച്ചിന്‍ പൈലറ്റ് എന്ത് നിലപാടു സ്വീകരിക്കും എന്നത് അതിനാല്‍ തന്നെ നിര്‍ണ്ണായകമാണ്. ആ തീരുമാനം എന്തുതന്നെയായാലും അത് തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പരസ്യമായി നിരാഹാര സമരത്തിന് തയ്യാറായതെന്ന്് തന്നെ വേണം അനുമാനിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News