സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോകരുത്: മന്ത്രി വീണാ ജോർജ്

സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ വികസന കോർപറേഷൻ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതാ മിത്ര പദ്ധതിയിലൂടെ തൊഴിൽ സംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ മിത്ര ഹോസ്റ്റലിൽ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന കുട്ടികൾക്കായി ഡേ കെയർ സംരക്ഷണവും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. സ്ഥിര കാലയളവിലേക്കുള്ള താമസത്തിന് മാത്രമല്ലാതെ കുറച്ചു ദിവസത്തേക്ക് സുരക്ഷിതമായി നിൽക്കാനും വനിതാ മിത്ര ഹോസ്റ്റലിലൂടെ സാധിക്കും. ഉചിതമായ സ്ഥലം കണ്ടെത്തിയാൽ ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ വനിത സംരംഭകർക്ക് വായ്പ നൽകുന്നതിലും തിരിച്ചടവിലും വനിത വികസന കോർപ്പറേഷൻ റെക്കോർഡ് നേട്ടം കൈവരിച്ചു. 84837 വനിതകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകി. സ്ത്രീകളിലൂടെ കൂടുതൽ സ്വയം തൊഴിൽ സംരംഭങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. വായ്പ വിതരണത്തിനൊപ്പം സംരംഭകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശരിയായ ദിശയില്‍ അവരുടെ വ്യവസായം ലാഭകരമാക്കി മാറ്റുന്നതിന് സഹായകരമാകുന്ന പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ് എന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, ഡയറക്ടർ പെണ്ണമ്മ ജോസഫ്, വാർഡ് കൗൺസിലർമാരായ അഡ്വ.എ. സുരേഷ് കുമാർ, എം.സി ഷെരീഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൾ ബാരി, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മേഖലാ മാനേജർ എസ്. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News