സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സഹൽ ഇനി ബൂട്ടണിയുക മോഹൻബഗാന്‍ സൂപ്പര്‍ ജയിന്‍റ്സിന് വേണ്ടിയാകും.

വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് കൈമാറ്റമെന്ന് ക്ലബ് വാർത്താ കുറിപ്പിൽ പറഞ്ഞു. സഹലിനായി ഒരു കളിക്കാരനെയും കൈമാറും. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നത്. മുന്നോട്ടുള്ള യാത്രയിൽ നന്മ നേരുന്നു- ക്ലബ് പറഞ്ഞു.

സഹലിനെയും ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലിനെയും ‘വച്ചു മാറാനുള്ള’ കരാർ നടപടികൾ പൂർത്തിയായെന്നാണു വിവരമെങ്കിലും ഇരു ക്ലബ്ബുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2017 മുതൽ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള സഹൽ 2 വർഷം കൂടി കരാർ ബാക്കി നിൽക്കെയാണു ടീം വിടുന്നത്.

ട്രാൻസ്ഫർ തുകയായി ഒന്നരക്കോടി രൂപയും സഹലിന് പ്രതിഫലമായി രണ്ടരക്കോടി രൂപയുമാണ് ബഗാൻ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഹലുമായി മൂന്നു വർഷത്തെ കരാറാണ് ബഗാൻ ഒപ്പുവയ്ക്കുന്നത്. പരസ്പര ധാരണയിൽ രണ്ടു വർഷം കൂടി നീട്ടാനാകും.

സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ, 2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ കേരള ക്ലബിലെത്തിയത്. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിനായി 92 കളികളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. പത്തു ഗോളും നേടി. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമാണ്. ഈയിടെ അവസാനിച്ച സാഫ് കപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ജഴ്‌സിയിൽ 30 മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്യാംപിനായി കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, പുതുതായി എത്തിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോ തുടങ്ങിയവരെല്ലാം പരിശീലനത്തിൽ പങ്കെടുത്തു. പുതിയ അസിസ്റ്റന്റ് കോച്ച് ടി.ജി.പുരുഷോത്തമനും ക്യാംപിലെത്തി. എന്നാൽ മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് എത്തിയിട്ടില്ല. ആഗസ്റ്റ് 3 മുതൽ നടക്കുന്ന ഡ്യുറാൻഡ് കപ്പാണ് ടീമിന്റെ ആദ്യ വെല്ലുവിളി.

Also Read: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമിയിൽ ആര്യന സബലേങ്കക്ക് തോൽവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News