ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് പ്രാഥമിക നിഗമനം. മുംബൈ പൊലീസാണ് ഇക്കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇയാളുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും പൊലീസ് അറിയിച്ചു.
വിജയ് ദാസെന്ന കള്ളപ്പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞതെന്നും ഇയാൾക്ക് ഇന്ത്യൻ രേഖകളില്ലെന്നും നിലവിൽ കൈവശമുള്ളത് വ്യാജ രേഖയാണെന്നുമാണ് മുംബൈ പൊലീസ് ഇപ്പോൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇയാളുടേത് മോഷണ ശ്രമമായിരുന്നോ അതോ ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി വ്യക്തത വരേണ്ടത്.
സംഭവം നടന്ന് ആറാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. താനെയിൽ നിന്നും പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് കുത്തേറ്റത്.മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ സെയ്ഫിൻ്റെ കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടൻ അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here