ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശുകാരനാണെന്ന പോലീസ് വാദത്തെ ചോദ്യം ചെയ്ത് പ്രതിയുടെ അഭിഭാഷകർ. തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും ശരിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടിയെന്നും അഭിഭാഷകർ ആരോപിക്കുന്നു. അതെ സമയം ആക്രമണത്തിന് പിന്നിലെ ലക്ഷ്യവും കൂട്ടാളികളുണ്ടോയെന്നും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് അറസ്റ്റിലാകുന്നത്. വ്യാജ ഐ ഡി കാർഡായിരുന്നു ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫുൾ ബംഗ്ലാദേശിയാണെന്നും അഞ്ചാറ് മാസം മുൻപാണ് മുംബൈയിലെത്തിയതെന്നുമാണ് പോലീസ് അവകാശപ്പെട്ടത്.
Also Read: സംഭവത്തിന്റെ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചത്; സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് നടി
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ ഞായറാഴ്ച പുലർച്ചെയാണ് താനെയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുൻപും രണ്ടു മൂന്ന് പേരെ പ്രതിയെന്ന് സംശയത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് ബംഗ്ലാദേശ് പൗരനാണെന്ന പോലീസ് വാദത്തെ ചോദ്യം ചെയ്താണ് പ്രതിയുടെ അഭിഭാഷകർ എത്തിയിരിക്കുന്നത്. ഇതിന് വേണ്ട തെളിവുകളൊന്നും പൊലീസിന്റെ കൈവശമില്ലെന്നാണ് അഭിഭാഷകൻ സന്ദീപ് ഷെഖാനെ പറയുന്നത്.
തന്റെ കക്ഷി ഏഴു വർഷത്തിലേറെ കുടുംബത്തോടൊപ്പം മുംബൈയിൽ താമസിക്കുന്നുണ്ടെന്നും ഷെഖാനെ പറഞ്ഞു. ആറുമാസം മുമ്പാണ് ഇവിടെ എത്തിയതെന്ന വാദം തെറ്റാണ്. ശരിയായ അന്വേഷണം നടക്കാത്തതിനാൽ ഇത് സെക്ഷൻ 43എയുടെ വ്യക്തമായ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.
Also Read: വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ല , സെയ്‌ഫിനെ അക്രമി ആവർത്തിച്ച് കുത്തി
കേസിൽ നടപടിക്രമങ്ങളിലെ വീഴ്ചയുണ്ടെന്നാണ് പ്രതിയുടെ മറ്റൊരു അഭിഭാഷകനായ ദിനേഷ് പ്രജാപതിയും വാദിക്കുന്നത് . ബംഗ്ലാദേശ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും പോലീസ് ഹാജരാക്കിയിട്ടില്ലെന്ന് പ്രജാപതിയും പറയുന്നു.
ജനുവരി 16 പുലർച്ചെ ബാന്ദ്രയിലെ വസതിയിൽ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയാണ് 30 കാരനായ ഷെഹ്‌സാദ്. ഖാൻ്റെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയും പ്രതിരോധത്തിനിടെ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയും ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്.
നടൻ്റെ കഴുത്തിലും നട്ടെല്ലിന് സമീപത്തും പരിക്കേറ്റു, ചികിത്സയിലാണ് ആക്രമണം ആസൂത്രിതമാണോയെന്നും ഷെഹ്‌സാദിന് കൂട്ടാളികളുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യൽ സഹായിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here