പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ: സജി ചെറിയാൻ

Saji Cherian

പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മയെന്ന് മന്ത്രി സജി ചെറിയാൻ. അൻവറിന് മറ്റെന്തോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ പത്രസമ്മേളനത്തിൽ നടത്തിയ ജല്പനങ്ങളെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. നിരവധി നേതാക്കളാണ് പി വി അൻവറിന്റെ നിലപാടിൽ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

Also Read: പി വി അൻവർ ശത്രുക്കളുടെ കൈയിലെ ആയുധമാണ്; മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണത്തിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യം: ടി പി രാമകൃഷ്ണൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ.
ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പിവി അൻവർ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ പത്രസമ്മേളനത്തിൽ നടത്തിയ ജല്പനങ്ങൾ. ഇക്കാര്യത്തിൽ ഇതുവരെയുള്ള അയാളുടെ നിലപാടുകളില്‍ നിന്നും പ്രസ്താവനകളിൽ നിന്നും വർഗശത്രുക്കൾക്ക് വേണ്ടിയാണ് അൻവർ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്.
അൻവർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള പരാതികളിന്മേൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാർ ​ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്ത് നിൽക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാക്കുന്നതിന് മുൻപ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഐഎമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്?
എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരെ പൊരുതി പോരാട്ടങ്ങൾ നയിച്ച് ഉയർന്നുവന്ന പാർട്ടിയാണ് സിപിഐഎം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികൾ ജീവൻ നൽകി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയതയോടും ഒരു തരത്തിലുള്ള വലതുപക്ഷ നിലപാടുകളോടും സന്ധിയില്ലാ സമരം നയിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണിത്. ആ പാർട്ടിയുടെ സമുന്നതനായ നേതാവാണ് സ: പിണറായി വിജയൻ. ആർ എസ് എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാൽ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ​ഗവൺമെന്റിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News