പ്രധാനമന്ത്രി വേണ്ടവിധം ന്യൂനപക്ഷ അതിക്രമത്തില്‍ ഇടപെടണമെന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍.. നിലപാടില്‍ താന്‍ പിന്നോട്ട് പോവില്ലെന്നും വീഞ്ഞ് പരാമര്‍ശം ആരെങ്കിലും വേദന തോന്നിയെങ്കില്‍ ആ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗം
വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയാധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യന്‍ ഭരണകൂട സംവിധാനങ്ങളെത്തന്നെ ഹിന്ദുവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് നാം കാണുന്നത്. അതിന്റെ ഭാഗമായി രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം എഴുന്നൂറോളം വര്‍ഗീയ അക്രമണങ്ങളാണ് രാജ്യത്ത് ആകമാനം ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത്. അതായത് ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാര്‍ഘണ്ടിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് യാദൃശ്ചികമല്ല. 2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്യുന്നത്. അന്താരഷ്ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മോശം പതിനൊന്നാമത്തെ രാജ്യമാണ്.
കഴിഞ്ഞവര്‍ഷത്തില്‍ ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘര്‍ഷമായിരുന്നു. മുഖ്യമായും ഹിന്ദു വിഭാഗത്തില്‍പെട്ട മെയ്ത്തികളും ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കുക്കികളും തമ്മിലുള്ള സംഘര്‍ഷം തടയുന്നതില്‍ മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കുക്കികള്‍ക്കെതിരെ മെയ്-ത്തി സായുധ സന്നദ്ധസംഘടനകള്‍ രംഗത്തുവന്നു. 200 ലധികം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ ഭവനരഹിതര്‍ ആക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കലാപമാരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി കലാപ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനോ പാര്‍ലമെന്റില്‍ ഈ വിഷയത്തെ സംബന്ധിച്ച് ഒരു പ്രസ്താവന നടത്താന്‍പോലുമോ തയ്യാറായില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളിലൊന്നാണ് മണിപ്പൂര്‍.
അതോടൊപ്പം തന്നെ രാജ്യത്ത് മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെയുള്ള വേട്ട തുടരുകയാണ്. മണിപ്പൂരില്‍ സംഘര്‍ഷം പടര്‍ന്നുപിടിക്കുമ്പോള്‍ തന്നെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ രാജസ്താനില്‍ നിന്ന് പശുക്കളെ വില്‍ക്കാന്‍ കൊണ്ടുവന്ന ജുനൈദ്, നാസര്‍ എന്നി യുവാക്കള്‍ നിഷ്‌കരുണം കൊല്ലപ്പെട്ടത്. മോനുമനേസര്‍ എന്ന ബജ്-റംഗ്-ദള്‍ നേതാവ് നയിച്ച യാത്ര ഗുഡ്ഗാവിനടുത്ത് മുസ്ലീങ്ങള്‍ താമസിക്കുന്ന തെരുവില്‍ എത്തി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതും നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കിയതും ഹരിയാനയിലാണ്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രകളില്‍ സായുധസംഘങ്ങള്‍ കയറിപ്പറ്റി മുസ്ലീം വീടുകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം രാമനവമി, -ഹനുമാന്‍ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് ഒമ്പതോളം സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ അധിവാസമേഖലകളില്‍ വര്‍ഗീയ ആക്രമണം അഴിച്ചുവിടുകയുണ്ടായി. അറസ്റ്റു ചെയ്യപ്പെട്ട മുസ്ലീങ്ങളെ പൊലീസ് നോക്കിനില്‍ക്കെ സായുധസംഘങ്ങള്‍ വെടിവച്ചുകൊല്ലുന്ന സ്ഥിതിവരെയുണ്ടായി. യുപിയിലെ മുസഫര്‍ നഗറില്‍ തൃപ്ത ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലീംവിദ്യാര്‍ഥിയെ ശിക്ഷിക്കാനായി സഹപാഠികളായ ഹിന്ദുവിദ്യാര്‍ഥികളെക്കൊണ്ട് അടിപ്പിച്ചത് വിദ്വേഷത്തിന്റെ രാഷ്ട്രീയം വിദ്യാലയങ്ങളില്‍ വ്യാപിക്കുന്നതിന്റെ സൂചനയായിരുന്നു.
ഇത്തരത്തില്‍ രാജ്യത്ത് ഉടനീളം മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഹിന്ദുത്വവല്‍ക്കരണവും ന്യൂനപക്ഷവേട്ടയും വര്‍ഗീയതയും കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഭരണത്തില്‍ നടക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കെതിരെ നില്‍ക്കുകുകയാണ് ജനാധിപത്യ മതേതര ബോധ്യമുള്ളവര്‍ ചെയ്യേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here