ബ്രിജ് ഭൂഷന്റെ മകനെ സ്ഥാനാർഥി ആക്കിയതിൽ വിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക്. രാജ്യത്തെ പെൺമക്കൾ തോറ്റെന്നും ബ്രിജ്ഭൂഷൺ ജയിച്ചെന്നും ഗുസ്തിതാരം സാക്ഷി മാലിക്. സ്ഥാനാർഥിത്വം രാജ്യത്തെ കോടികണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തെന്നും സാക്ഷി വിമർശിച്ചു. കൈസർഗഞ്ചിൽ സിറ്റിംഗ് എംപി ആയ ബ്രിജ് ബുഷനെതിരെ ലൈംഗിക ആരോപണം അടക്കം വരികയും ഗുസ്തി താരങ്ങൾ ശക്തമായ സമരം നടത്തുകയും ചെയ്ത സാഹചര്യത്തിൽ ആണ് ബ്രിജ് ഭുഷനെ കൈവിടാൻ കഴിയാത്ത ബിജെപി അദ്ദേഹത്തിന്റെ മകനെ സ്ഥാനാർഥി ആക്കിയത്.
Also Read: ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി ലോറി തട്ടി മരിച്ചു
ഇതിനു പിന്നാലെയാണ് സമരത്തിന് നേതൃത്വം നൽകിയ ഗുസ്തി താരം സാക്ഷി മാലിക് വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ വിജയിച്ചു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ കരിയർ പണയപ്പെടുത്തി. ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് തെരുവിൽ ഉറങ്ങി, ഇന്നുവരെ, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, നീതി മാത്രം ആവശ്യപ്പെടുന്നു. ബ്രിജ് ഭൂഷന്‍റെ മകന് ടിക്കറ്റ് നൽകിയതിലൂടെ നിങ്ങൾ രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു. ടിക്കറ്റ് ഒരു കുടുംബത്തിന് മാത്രമാണെങ്കിൽ, ഒരു മനുഷ്യന്‍റെ മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോ?
ശ്രീരാമന്‍റെ പേരിൽ വോട്ടുകൾ മാത്രം മതി, അദ്ദേഹം കാണിച്ചുതന്ന പാതയോ? ഇങ്ങനെയാണ് സാക്ഷി മാലിക് എക്‌സിൽ കുറിച്ചത്. മെയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ് നടക്കുന്നത്. കൈസർഗഞ്ചിലെ തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി ബ്രിജ് ഭൂഷൺ രംഗത്ത് വന്നിരുന്നു. സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിക്കാൻ വൈകുന്നതിന് മാധ്യമങ്ങളെയാണ് ബ്രിജ് ഭൂഷൺ കുറ്റപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here