ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പരാതിയിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് കൈരളി ന്യൂസിനോട്. ഇക്കാര്യത്തിൽ മേൽനോട്ട സമിതി ഇതുവരെയായിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. സമിതിയിലുള്ളവർ രാഷ്ട്രീയ ചായ്‌വുള്ളവരാകാമെന്ന് സംശയിക്കുന്നുവെന്നും സാക്ഷി മാലിക് വ്യക്തമാക്കി. താരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്ത് കേസ് എടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സാക്ഷി കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം, സമരവുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി റിപ്പോർട്ട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചു.ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയിൽ ദില്ലി പൊലീസ് അന്വേഷണമാരംഭിച്ചു. കായിക മന്ത്രാലയം നിയോഗിച്ച സമിതിയിൽ നിന്ന് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. താരങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പൊലീസ് അവരുടെ നടപടിക്രമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും സമിതി അംഗം യോഗേശ്വർ ദത്ത് പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ വീണ്ടും സമരം പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ദില്ലി ജന്തര്‍മന്തറിലെ സമരം രാത്രി വൈകിയും തുടർന്നു. അനുമതിയില്ലാത്ത സമരമാണെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടും താരങ്ങൾ കൂട്ടാക്കിയില്ല. ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. പ്രായപൂർത്തിയാകാത്ത ഒരു താരമുൾപ്പെടെ ഏഴു പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here