‘സമന്വയം’പദ്ധതിയുടെ വാമനപുരം മണ്ഡലതല ഉദ്ഘാടനം നിർവ്വഹിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന ‘സമന്വയം’ (ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ) പദ്ധതിയുടെ വാമനപുരം മണ്ഡലതല ഉദ്ഘാടനം പെരിങ്ങമല ഷാ ഓഡിറ്റോറിയത്തിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർവ്വഹിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 നും 59 നും വയസ്സിനിടയിൽ പ്രായമുള്ളവർക്ക് പദ്ധതി ഗുണപ്രദമാകുമെന്നും 2024 ഡിസംബർ മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിൽ രഹിതർക്ക് പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന, ന്യൂനപക്ഷ ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന് അനുസൃതമായ പ്രവർത്തനങ്ങളാണ് കമ്മീഷൻ നടത്തിവരുന്നതെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമഗ്രമായ പുരോഗതിയാണ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷാൻ തടത്തിൽ, നസീമ ജെ. എസ്, സമന്വയം ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫസർ അബ്ദുൽ അയ്യൂബ്, സംഘാടക സമിതി ചെയർമാൻ എം. നിസാർ മുഹമ്മദ് സുൾഫി, കൺവീനർ ജോയ്. ജെ ജാജിൻ, ലത്തീഫ് പാലോട് തുടങ്ങിയവർ സംസാരിച്ചു.കേരള നോളജ് ഇക്കോണമി മിഷൻ പ്രതിനിധികളായ നിതീഷ് റ്റി. എസ്, ധന്യ പവിത്രൻ, എന്നിവർ ഉദ്യോഗാർഥികൾക്കായി പദ്ധതിയും സേവനങ്ങളും പരിചയപ്പെടുത്തി…

തൊഴിൽ രഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകെ നടന്നുവരുന്ന തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയും തൊഴിൽമേളകളും ഒക്ടോബർ, നവംബർ മാസങ്ങളിലായി പൂർത്തീകരിക്കും.സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

ALSO READ: കെ വൈ സി മസ്റ്ററിംങ് ദീർഘിപ്പിച്ചു: മന്ത്രി ജി ആർ അനിൽ

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 19 ന് വിഴിഞ്ഞത്ത് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചിരുന്നു. തുടർന്ന് ജില്ലയിൽ വിവിധ മണ്ഡലാടിസ്ഥാനത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.വാമനപുരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 830 ഉദ്യോഗാർഥികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News