മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെതിരെയുള്ള സമസ്തയുടെ എതിർപ്പ് രൂക്ഷമാവുന്നു. പിഎംഎ സലാമിനെതിരെ സമസ്തയിലെ യുവജന വിഭാഗം എസ് വൈ എസ് നേതൃത്വം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി. വഹാബി ആശയക്കാരനായ പി എം എ സലാം സുന്നി ആദർശത്തെ തുടർച്ചയായി പരിഹസിക്കുന്നതിനെ തുടർന്നാണ് എസ്കെഎസ്എസ്എഫ് പിന്നാലെ സമസ്തയുടെ യുവജന വിഭാഗവും രംഗത്ത് വന്നത്.
എറണാകുളത്ത് വച്ച് നടന്ന മുസ്ലിം ലീഗ് ക്യാമ്പിൽ സംസ്ഥാന സെക്രട്ടറിയും മുജാഹിദ് ആശയക്കാരനുമായ പി എം എ സലാം സുന്നികളെ പരിഹസിച്ചത്. ഇതിന് പിന്നാലെയാണ് പി എം എ സലാമും ലീഗിലെ പ്രബല വിഭാഗമായ സമസ്തയും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാവുന്നത്. ” നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ, ഇടയാളന്മാരുടെ ആവശ്യമില്ലല്ലോ എന്ന പരാമർശമാണ് സമസ്തയെ വീണ്ടും ചൊടിപ്പിച്ചത്. സംഭവത്തിൽ വിശദീകരണം നൽകണമെന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന നേതാവ് നാസർ ഫൈസി കൂടത്തായിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പി എംഎ സലാമിനെതിരെയുള്ള എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Also Read: തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം; ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
നേരത്തെ സമസ്തയുടെ തന്നെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് പിഎംഎ സലാമിനെതിരെ രംഗത്ത് വന്നിരുന്നു. സമസ്തയുടെ നേതാക്കളെയും സുന്നികളെയും പരിഹസിക്കുന്ന പി എം എ സലാമിനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എസ്കെഎസ്എസ്എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. പിഎംഎ സലാമിന്റെ നടപടിക്കെതിരെ സമസ്തയിലെ ലീഗ് അനുഭാവികളിൽനിന്നടക്കം അമർഷം ഉയരുന്നുണ്ട്. ഇതിന് പിന്നാലെ ഒരു വിഭാഗം തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും പ്രയോഗങ്ങൾക്ക് ദുർവ്യാഖ്യാനം വന്നതിൽ ഖേദിക്കുന്നുവെന്നും പി എം എ സലാം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ സമസ്തയെയോ സുന്നി പ്രസ്ഥാനത്തെയോ ഖേദപ്രകടനത്തിൽപരാമർശിച്ചില്ല. സാദിക്കലി തങ്ങളെന്ന ഒറ്റ ഇമാം മതിയെന്ന പരാമർശവും കുറിപ്പിൽ ആവർത്തിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here