ലീഗ്‌ നേതാക്കൾ അപമാനിക്കുന്നു: സാദിഖലി തങ്ങളുടെ നിലപാടിൽ സമസ്‌തയിൽ അതൃപ്‌തി

മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങള്‍ ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ന്യായീകരിച്ചതില്‍ സമസ്തയ്ക്ക് അതൃപ്തി. പി എം എ സലാമടക്കം ഒരുവിഭാഗം ലീഗ്‌ നേതാക്കൾ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെയും പ്രസിഡന്റ്‌ ജിഫ്രി തങ്ങളെയും അപമാനിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നുവെന്നുമാണ് സമസ്തയുടെ പരാതി. സലാമിനെ ന്യായീകരിച്ച്‌ സാദിഖലി രംഗത്തുവന്നതിനെ സമസ്‌ത മുശാവറ അംഗങ്ങളടക്കം അപക്വമായാണ്‌ കാണുന്നത്‌.

ജിഫ്രി തങ്ങൾക്കെതിരായ സലാമിന്റെ പരാമർശത്തിൽ സമസ്‌ത പോഷക സംഘടനാ നേതാക്കൾ അയച്ച കത്ത്‌ കിട്ടിയില്ലെന്ന്‌ പറഞ്ഞതിലും അമർഷമുണ്ട്‌. വേറെ പണിയുണ്ട്‌ ലീഗിന്‌ എന്ന സാദിഖലിയുടെ പരാമർശവും അപമാനകരമായാണ്‌ കാണുന്നത്‌.
സാദിഖലി ലീഗ്‌ സംസ്ഥാന പ്രസിഡന്റായ ശേഷം തുടർച്ചയായി സ്വീകരിക്കുന്നത്‌ ഖേദകരമായ സമീപനമാണെന്ന അഭിപ്രായം സമസ്‌തയിൽ ശക്തമാണ്‌. സിഐസി (കോ ഓർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌) പ്രശ്‌നം, വാഫി–-വഫിയ വിഷയം എന്നിവയിലെല്ലാം പരിഹാരത്തിനല്ല നിലകൊണ്ടതെന്ന വികാരം നേരത്തേയുണ്ട്‌. സമൂഹ മാധ്യമങ്ങളിൽ ലീഗ്‌ പ്രവർത്തകർ സമസ്‌തയെ അധിക്ഷേപിക്കുന്നത്‌ വ്യാപകമാകാൻ സാദിഖലിയുടെ തണുപ്പൻ നയം കാരണമായി.

ALSO READ: കരിപ്പൂർ സ്വർണ്ണക്കടത്ത്; ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ

സലാമിന്‌ പുറമെ കെ എം ഷാജി, അബ്ദുറഹ്മാൻ കല്ലായി തുടങ്ങി നിരവധി നേതാക്കൾ മതപണ്ഡിതരെ അധിക്ഷേപിച്ചു. ലീഗ്‌ പ്രസിഡന്റ്‌ ഇതിനെല്ലാംനേരെ കണ്ണടയ്‌ക്കുകയാണ്‌. മുൻ സംസ്ഥാന പ്രസിഡന്റുമാരുടെയും നേതാക്കളുടെയും പാരമ്പര്യത്തിന്‌ നിരക്കാത്തതാണ്‌ ഇതെന്ന അഭിപ്രായം സമസ്‌തയിൽ പ്രബലമാണ്‌. സമസ്‌തയുടെ സ്വതന്ത്രവ്യക്തിത്വം തകർക്കാനാണ്‌ സാദിഖലിയുടെ നേതൃത്വത്തിലുള്ള ശ്രമം. ഇതംഗീകരിക്കാനാകില്ലെന്ന്‌ ചിന്തിക്കുന്നവർക്കാണ്‌ മുൻതൂക്കം.
വഖഫ്‌ബോർഡിലെ നിയമനം, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം എന്നിവയിലെല്ലാം ലീഗിൽനിന്ന്‌ വേറിട്ട പരിപാടികളും സമീപനവും സമസ്‌ത സ്വീകരിച്ചിരുന്നു. ഏക സിവിൽ കോഡിൽ ലീഗിനെ തള്ളി സിപിഐ എം സംഘടിപ്പിച്ച സെമിനാറിലും പങ്കാളിയായി. മുഖ്യമന്ത്രിയും സർക്കാരുമായി സമസ്‌ത പുലർത്തുന്ന നല്ല ബന്ധവും അനിഷ്‌ടത്തിന്‌ കാരണമാണ്‌.

സമസ്‌ത മുശാവറ യോഗം ഇന്ന്‌

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗം ചൊവ്വാഴ്‌ച കോഴിക്കോട്ട്‌‌ ചേരും. സമസ്‌തയും മുസ്ലിംലീഗുമായി ഭിന്നത രൂക്ഷമായതിനാൽ ഉന്നത പണ്ഡിതസഭയായ മുശാവറക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. 
 സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി തങ്ങളെ അധിക്ഷേപിച്ച മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പരാമർശവും തുടർസംഭവങ്ങളും മുശാവറ ചർച്ചചെയ്യും. ലീഗ്‌ നേതാക്കളിൽനിന്ന്‌ തുടർച്ചയായുണ്ടാകുന്ന ആക്ഷേപം ഗൗരവത്തിലാണ്‌ സമസ്‌ത നേതാക്കൾ കാണുന്നത്‌. ഇക്കാര്യങ്ങളെല്ലാം ചർച്ചയാകുമെന്നാണ്‌ സൂചന.

ALSO READ:  സൈക്കിള്‍ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചു; അഭിമാനമായി പെണ്‍കുട്ടികള്‍; അഭിനന്ദിച്ച് എം നൗഷാദ് എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News