കോഴിക്കോട്ടെ ആദർശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയിൽ എല്ലാവരെയും ഒന്നിപ്പിച്ചു നിർത്താനാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും ജിഫ്രി തങ്ങളേയും രണ്ട് ഭാഗത്ത് നിർത്താനുള്ള നീക്കത്തെ തടയുകയാണ് ലക്ഷ്യമെന്നും സമസ്തയിൽ പിളർപ്പ് ഉണ്ടാവില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലിയാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ.
സമസ്തയിൽ എല്ലാവരും ഒന്നായി നിൽക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഉമർ ഫൈസി മുക്കത്തിന് എതിരായി കൂട്ടായ്മയെ ചുരുക്കേണ്ടതില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും ജിഫ്രി തങ്ങളേയും രണ്ട് ഭാഗത്ത് നിർത്താനുള്ള നീക്കത്തെ തടയുകയാണ് ലക്ഷ്യം. സമസ്തയിൽ പിളർപ്പുണ്ടാക്കുകയല്ല കൂട്ടായ്മയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയും ലീഗും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്, അതില്ലാതെയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സമസ്ത അധ്യക്ഷനെയാണ് സിപിഎം മുന്നിൽ നിർത്തുന്നത് എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗുമായി സമസ്ത പ്രശ്നത്തിലേക്ക് പോകരുതെന്ന് മുശാവറ എഴുതിയ കയ്യെഴുത്തു രേഖ നിലവിലുണ്ട്. അതിപ്പോൾ പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കണം. ആദർശ സമ്മേളനത്തിന്‍റെ പേരിൽ നടക്കുന്ന വിഭാഗീയ പ്രവണതകൾ തടയുകയാണ് ലക്ഷ്യം.
സമുദായത്തിനുള്ളിൽ ഭിന്നത ഉണ്ടാകരുത്. സമസ്തയേയും ലീഗിനെയും വേർതിരിയ്ക്കാൻ രാഷ്ട്രീയ കക്ഷി നീക്കം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. 1989 ലും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. പിളർപ്പില്ലെന്നും അങ്ങനെയാരും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here