ഉയർന്ന പ്രവർത്തനക്ഷമതയുള്ള മെമ്മറി ഡിവൈസുകളിലെ ഡാറ്റാ പ്രോസസ്സിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയെച്ചൊല്ലിയുള്ള പേറ്റന്‍റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ കമ്പ്യൂട്ടർ മെമ്മറി കമ്പനിയായ നെറ്റ്‌ലിസ്റ്റിന് സ്മാർട്ഫോൺ നിർമാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സ് 118 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ടെക്‌സാസിലെ മാർഷലിലുള്ള ഫെഡറൽ ജൂറി വിധി.
മെയ് മാസത്തിൽ ഇതേ പേറ്റന്‍റുമായി ബന്ധപ്പെട്ട മറ്റൊരു നിയമയുദ്ധത്തിൽ, ചിപ്പ് മേക്കർ മൈക്രോണിൽ നിന്ന് നെറ്റ്‌ലിസ്റ്റ് 445 മില്യൺ ഡോളർ നഷ്ടപരിഹാരമായി നേടിയിരുന്നു. സാംസങ്ങിന്‍റെ പേറ്റന്‍റ് ലംഘനം മനപ്പൂർവ്വം ആണെന്നും ജൂറി കണ്ടെത്തിയിരുന്നു. ഇതിനാൽ ജൂറിക്ക് നഷ്ടപരിഹാരത്തുക മൂന്നിരട്ടി വരെ വർദ്ധിപ്പിക്കാനുമാകും.
വെള്ളിയാഴ്ച വന്ന വിധിയെക്കുറിച്ചുള്ള സാംസങ്ങിന്‍റെയോ നെറ്റ്‌ലിസ്റ്റിന്‍റെയോ വക്താക്കൾ പ്രതികരിച്ചില്ല.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സെർവറുകളിലും മറ്റ് ഡാറ്റാ-ഇന്‍റൻസീവ് ടെക്‌നോളജിയിലും ഉപയോഗിക്കുന്ന കൊറിയൻ ടെക് ഭീമനായ സാംസങിന്‍റെ മെമ്മറി മൊഡ്യൂളുകൾ തങ്ങളുടെ പേറ്റന്‍റുകൾ ലംഘിച്ചുവെന്ന് ആരോപിച്ച് നെറ്റ്‌ലിസ്റ്റ് 2022-ൽ സാംസങ്ങിനെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ സാംസങ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പേറ്റന്‍റുകൾ അസാധുവാണെന്നും തങ്ങളുടെ സാങ്കേതികവിദ്യ നെറ്റ്‌ലിസ്റ്റിന്‍റെ കണ്ടുപിടുത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നവ ആണെന്നും സാംസങ് വാദിച്ചു.
അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, ആവശ്യമായ സാങ്കേതിക വിദ്യയ്‌ക്ക് ന്യായമായ ലൈസൻസ് നൽകാനുള്ള ബാധ്യത നെറ്റ്‌ലിസ്റ്റ് ലംഘിച്ചുവെന്ന് ആരോപിച്ച് ഡെലവെയർ ഫെഡറൽ കോടതിയിൽ സാംസങും നെറ്റ്‌ലിസ്റ്റിനെതിരെ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here