തീവ്ര ഹിന്ദുത്വ വർഗീയതയുടെ വക്താവായ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ, പാലക്കാട്ടെ ഷാഫി-ബിജെപി ഡീൽ വീണ്ടും ചർച്ചയാകുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഷാഫി പറമ്പിലും ബിജെപിയുമായുള്ള ഡീൽ സംബന്ധിച്ച് പാർട്ടിക്കുള്ളിൽനിന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ പി സരിൻ, ഇക്കാര്യം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം.
കോൺഗ്രസിൽ വി ഡി സതീശനും അനുകൂലികൾക്കുമുള്ള സംഘപരിവാർ ബന്ധമാണ് സന്ദീപ് വാര്യരെ സ്വന്തം കൂടാരത്തിലെത്തിച്ചതെന്നും വ്യക്തമാണ്. നേരത്തെ മുതിർന്ന നേതാവായ കെ മുരളീധരൻ തള്ളിപ്പറഞ്ഞ സന്ദീപ് വാര്യരെയാണ് ഇപ്പോൾ സതീശനും ഷാഫിയും ചേർന്ന് കോൺഗ്രസിലേക്ക് ആനയിച്ചെത്തിച്ചത്.
പാലക്കാട് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന് പാർട്ടിപ്രവർത്തകർ തന്നെ സമ്മതിക്കുന്നുണ്ട്. ഈ ഡീൽ പ്രകാരമാണ് കഴിഞ്ഞ കുറേ കാലമായി നഗരസഭ ഭരണം ബി.ജെ.പിക്കും എംഎൽഎ സ്ഥാനം കോൺഗ്രസിനുമായി ലഭിച്ചുപോരുന്നത്. ഇപ്പോൾ കെ മുരളീധരനെ തഴഞ്ഞ് ഒരുവിഭാഗം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണെന്ന ആരോപണം ഇതിനോടകം പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നിരുന്നു.
അതേസമയം തീവ്ര വർഗീയ നിലപാട് സ്വീകരിച്ചിട്ടുള്ള സന്ദീപ് വാര്യരുമായി കൂട്ടുചേരാനുള്ള കോൺഗ്രസിന്‍റെ തീരുമാനം പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറുമോയെന്നാണ് പാർട്ടി പ്രവർത്തകർ ആശങ്കപ്പെടുന്നത്. പാർട്ടിക്കുള്ളിലെ മുസ്ലീം വിഭാഗക്കാർക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷമുണ്ട്. സന്ദീപ് വാര്യർ മുസ്ലീങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ എന്ത് മറുപടി നൽകുമെന്നാണ് ഉറ്റുനോക്കുന്നത്.
കൂടാതെ ഗാന്ധിവധവുമായി ബന്ധപ്പെട്ട് സന്ദീപ് നടത്തിയ പരാമർശവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. അതിന് പുറമെ രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയെന്നും അറുപത് വർഷം നാടുഭരിച്ച് മുടിച്ച കുടുംബാംഗമാണെന്നും പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here