സന്ദീപ് വാര്യരോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ടല്ലോ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

SANDEEP G VARIER

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് കോൺഗ്രസ് ഷാളണിഞ്ഞ് ബിജെപി നേതാക്കൾക്കെതിരെ സംസാരിക്കുമ്പോഴും സന്ദീപ് വാര്യർ തന്റെ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു എന്ന് പൊതുവെ ഒരുത്തരം നൽകുകയല്ലാതെ സംഘപരിവാറിനെ പേരെടുത്ത് തള്ളി പറയുന്നില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ശ്രീകാന്ത് പി കെ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനോടകം ചർച്ചയാകുന്നത്. സന്ദീപ് വാര്യർ കോൺഗ്രസിനെതിരെ പറഞ്ഞ എല്ലാ വാചകങ്ങളും എണ്ണി പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ്. നിരവധി ആളുകളാണ് പോസ്റ്റിന് താഴേ കമന്റുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പാലക്കാട് ഒരു കല്യാണ വീട്ടിൽ വച്ചായിരുന്നു ആൾക്കൂട്ടത്തിന് നടുവിൽ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരെ ഡോ. പി. സരിൻ കണ്ട് മുട്ടിയത്. രണ്ട് പേർക്കും നേരെ കൈ നീട്ടിയെങ്കിലും മുഖം പോലും കൊടുക്കാതെ പരിഹസിച്ചു പോയി രണ്ട് പേരും.
‘ഷാഫി, രാഹുലെ..കൈ തന്നിട്ട് പോകൂ.. ഞാനിവിടെ ഉണ്ട് ‘.. എന്ന് സരിൻ ആവർത്തിച്ചു പറഞ്ഞപ്പോൾ, ‘ആ അവിടെ തന്നെ ഉണ്ടാകണം..’ എന്ന് ഷാഫി ‘മാസ് ഡയലോഗടിച്ചു’. പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്ത ഓൺലൈൻ വാർത്തകൾക്ക് താഴേയും കോൺഗ്രസ് പ്രവർത്തകർ ആവേശം കൊണ്ടു. ‘കുലംകുത്തിയെ’ അപമാനിച്ചു വിട്ട ഷാഫിക്കയെ അവർ ആഘോഷിച്ചു.
സന്ദീപ് വാര്യർ ഇന്ന് കോൺഗ്രസ് അംഗത്വമെടുത്ത് ‘കൈ’ പിടിച്ചു. ഇനിമുതൽ ഇതേ ഷാഫിയും മാങ്കൂട്ടവും അയാളെ കെട്ടി പുണരും.

Also read:മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

സന്ദീപ് വാര്യർ കേവലമൊരു ബിജെപി നേതാവായിരുന്നില്ല. അയാൾ ഏറ്റവും റിഗ്രസീവായ ഒരു ആർ.എസ്‌.എസ്‌ കേഡറായിരുന്നു. ഇന്ന് കോൺഗ്രസ് ഷാളണിഞ്ഞ് ബിജെപി നേതാക്കൾക്കെതിരെ സംസാരിക്കുമ്പോഴും സന്ദീപ് വാര്യർ തന്റെ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു എന്ന് പൊതുവെ ഒരുത്തരം നൽകുകയല്ലാതെ സംഘപരിവാറിനെ പേരെടുത്ത് തള്ളി പറയുന്നില്ല.
കാശ്മീരിൽ പ്രക്ഷോഭം നടത്തുന്ന മുസ്ലീങ്ങളെ ജിഹാദികളെന്ന് വിളിച്ച് അവരുടെ കഴുത്തിൽ ടയർ ഇട്ട് കത്തിച്ച് ചുട്ടു കൊല്ലാൻ എഫ്.ബി പോസ്റ്റ് എഴുതിയ തരം കൂടിയ ന്യൂനപക്ഷ വിരുദ്ധതയുള്ള ഹിന്ദുത്വവാദിയായ ഒരാൾ, ഗാന്ധി ഘാതകനായ ഗോഡ്സേക്ക് വേണ്ടി പോലും ന്യായീകരണം പറഞ്ഞ ഒരാൾ, പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപി ജയിച്ചപ്പോൾ ‘പാലക്കാട് കേരളത്തിന്റെ ഗുജറാത്ത് ‘ എന്ന് ആദ്യമായി പറയുകയും ചാനലുകളിൽ അടക്കം വന്ന് നിരന്തരം ആവർത്തിക്കുകയും ചെയ്ത ഒരാൾ, ബാബറി മസ്ജിദ് വിധിയെ വിമർശിച്ച് എം. സ്വരാജ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടപ്പോൾ സ്വരാജിനെതിരെ നാടായ നാട് മൊത്തം കേസ് കൊടുത്ത് വലക്കാൻ ചുക്കാൻ പിടിച്ച് ബാബറി മസ്ജിദ് ധ്വംസനത്തെ ആർത്തിയോടെ ആഹ്ലാദിച്ച ഒരാൾ, പൗരത്വ നിയമത്തിനനുകൂലമായി സംസാരിക്കാൻ ബിജെപി നിയോഗിച്ച നേതാവ്, ഏകീകൃത സിവിൽ കോഡിന്റെ വലിയ വക്താവ്, എന്തിന് പാലക്കാട് ആന കൊല്ലപ്പെട്ട വലിയ വിഷയം പോലും മലപ്പുറത്തേക്ക് കൊണ്ടിട്ട വർഗ്ഗീയ വാദി, ഫലസ്‌തീനിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ട് വീഴുമ്പോളും ഇസ്രായേൽ പതാക പോസ്റ്റ് ചെയ്തു കൂറ് തെളിയിച്ച നേതാവ്, ഏറ്റവുമൊടുവിൽ തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദ സമയത്ത് പോലും വർഗ്ഗീയത കത്തിക്കാൻ പരിശ്രമിച്ചയാൾ.
അത്തരമൊരാൾ ബിജെപി വിട്ട് ‘സ്നേഹത്തിന്റെ കടയിൽ’ മെമ്പർഷിപ് എടുക്കുന്നുവെന്ന് പറയുന്നത് നല്ലത് തന്നെയാണ്. എന്നാൽ സന്ദീപ് വാര്യരോട് ചോദിക്കേണ്ടതും അയാൾ മറുപടി പറയേണ്ടുന്നതുമായ ചില ചോദ്യങ്ങളുണ്ടല്ലോ..

Also read:പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

– സന്ദീപ് വാര്യർ ആർ.എസ്‌.എസ്‌ പ്രവർത്തനവും നേതാക്കളുമായുള്ള ബന്ധവും ഉപേക്ഷിച്ചോ? ആർ.എസ്‌.എസിനെ എല്ലാ അർത്ഥത്തിലും തള്ളി പറയുന്നുണ്ടോ?
– ആർ.എസ്‌.എസ്‌ അഥവാ സംഘപരിവാർ ഒരു ഹിന്ദുത്വ തീവ്രവാദ പ്രസ്ഥാനമാണെന്ന സെക്കുലർ മനുഷ്യരുടെ നിലപാടിനോട് സന്ദീപ് വാര്യർ എന്ന കോൺഗ്രസുകാരൻ യോജിക്കുന്നുണ്ടോ?
– ഗാന്ധി വധത്തിൽ ആർ.എസ്‌.എസിന് പങ്കുണ്ടോ? എന്താണ് കോൺഗ്രസുകാരനായ സന്ദീപ് വാര്യരുടെ നിലപാട്?
– കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ യൂണിയൻ ഗവണ്മെന്റ് തീരുമാനത്തോടുള്ള കോൺഗ്രസ് നേതാവായ സന്ദീപ് വാര്യരുടെ നിലപാട് എന്താണ്?
– ബാബറി മസ്ജിദ് തകർത്ത് മതേതര ഇന്ത്യയിൽ ഹിന്ദുത്വ ഭീകരത നടമാടിയ പ്രവർത്തിയേയും നേതാക്കളെയും ആ രാഷ്ട്രീയത്തെയും തള്ളി പറയുന്നുണ്ടോ? ബാബരി മസ്ജിദ് ധ്വംസനത്തെ അപലപിക്കുന്നുണ്ടോ?
– ബിജെപി കൊണ്ട് വന്ന ഏകീകൃത സിവിൽ കോഡ്, മുത്തലാഖ് നിയമ ഭേദഗതി , പുതിയ പൗരത്വ നിയമം എന്നിവയെ കോൺഗ്രസ് നേതാവായ സന്ദീപ് വാര്യർ തള്ളി പറയുന്നുണ്ടോ?
– ഇസ്രായേലിന്റെ ഫലസ്‌തീൻ അധിനിവേശത്തിലും കൂട്ടക്കുരുതിയിലും കോൺഗ്രസ് നേതാവായ സന്ദീപ് വാര്യർ ആരുടെ കൂടെയാണ്?
– ആർ.എസ്‌.എസ്‌ രാഷ്ട്രീയത്തിൽ നിന്ന കാലത്ത് നേരിട്ടറിഞ്ഞ ന്യൂനപക്ഷ വിരുദ്ധ -ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്തൊക്കയാണെന്ന് തുറന്ന് പറയാൻ തയ്യാറാണോ?
– നല്ല ചാനൽ ഡിബേറ്ററായ സന്ദീപ് ആർ.എസ്‌.എസിനെതിരായ രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ സുധീഷ് മിന്നിയെ പോലെ മുന്നിൽ നിൽക്കുമോ?
ഡോ : പി. സരിൻ കോൺഗ്രസുകാരനായിരുന്നു. കോൺഗ്രസുകാരനായിരുന്നപ്പോൾ തന്നെ വീടിന് മുന്നിൽ തന്റെയും പങ്കാളിയുടെയും പേരെഴുതിയ ബോർഡിന് താഴെ ഭരണ ഘടനക്ക് വേണ്ടിയും, Repeal CAA, No NRC എന്ന രാഷ്ട്രീയ മുദ്രാവാക്യം എഴുതി വച്ചയാൾ. അങ്ങനെയൊരാൾ രാഷ്ട്രീയം മാറി INDIA മുന്നണിയിൽ തന്നെയുള്ള മറ്റൊരു പാർടിയിലേക്ക് വന്നപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങളുടെ അര ശതമാനമെങ്കിലും സന്ദീപ് വാര്യരെ പോലൊരു കൊടും വർഗ്ഗീയവാദിയായ/ആയിരുന്ന ഒരാൾ കോൺഗ്രസിലേക്ക് വരുമ്പോൾ ചോദിക്കേണ്ടേ..??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News