പ്രചാരണത്തിൽ സ്വന്തം പാർട്ടിയുടെ കൊടി പിടിക്കാൻ ഗതിയില്ലാത്ത ലീഗ് പ്രവർത്തകരെ ആശ്വസിപ്പിക്കാൻ ഒടുവിൽ അദ്ദേഹമെത്തി. ‘വിടർന്ന ചിരിയും’, ‘നിറഞ്ഞ മനസും’, ‘വേറൊരു വഴിയും’ ഇല്ലാതെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ ഇരു ‘കയ്യും’ നീട്ടി സ്വീകരിച്ചു. അങ്ങനെ കൊടും വർഗീയത വിട്ടെറിഞ്ഞു മൃദു വർഗീയത സ്വീകരിച്ച മുൻ ബിജെപി നേതാവും സൈബർ പോരാളിയുമായിരുന്ന സന്ദീപ് വാര്യർ ഇന്ത്യൻ മുസ്ലിം ലീഗിന്‍റെ ആസ്ഥാനമായ പാണക്കാട് തറവാട്ടിലെത്തി.
‘സ്വന്തം പാർട്ടിയുടെ കൊടി പിടിക്കാൻ പോലും ഗതിയില്ലാത്തോരായി മുസ്ലിം ലീഗ് പ്രവർത്തകർ. വടക്കേ ഇന്ത്യയിലെ ഹിന്ദു വോട്ടിന് വേണ്ടി കോൺഗ്രസ് ലീഗിൻറെ പച്ചക്കൊടിയെടുത്ത് താമരശ്ശേരി ചുരത്തിൽ വലിച്ചെറിഞ്ഞിരിക്കുന്നു. യഥാർത്ഥത്തിൽ ഇസ്ലാമോഫോബിയ രാഹുൽ ഗാന്ധിക്കല്ലേ’ എന്ന് ഫേസ്ബുക്ക് വഴി ചോദിച്ച സന്ദീപിനെ സ്വീകരിക്കാൻ എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, കെപിസിസി സെക്രട്ടറി വി ബാബുരാജ് എന്നിവരും പാണക്കാടെത്തിയിരുന്നു.
മലപ്പുറവുമായി ‘പൊക്കിൾക്കൊടി’ ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറത്തിന്‍റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു. സന്ദീപ് വാര്യർക്ക് മലപ്പുറത്തോടുള്ള ‘സ്നേഹം’ കേരളക്കരക്ക് മുഴുവൻ അറിയാവുന്നതുമാണ്. 2020 ൽ പൈനാപ്പിൾ പടക്കം വിഴുങ്ങി ഒരാന ചരിഞ്ഞത് പാലക്കാടായിട്ടും ഈ പൊക്കിൾക്കൊടി ബന്ധത്തിന്‍റെ പേരിലായിരിക്കും ആ ഗർഭം ജി മലപ്പുറത്തിന്റെ തലയിൽ വച്ചു കെട്ടിയത്. മലപ്പുറത്താണ് ആന മരണപ്പെട്ടതെന്ന വ്യാജ പ്രചരണത്തോടൊപ്പം മലപ്പുറത്തെ മുന്‍നിര്‍ത്തി മുസ്ലിം വിരുദ്ധതയും ബിജെപി-ആര്‍എസ്എസ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിരുന്നു. സംഭവം നടന്നത് പാലക്കാടാണെങ്കിലും മലപ്പുറത്തോടുള്ള ‘സ്നേഹം’ കാരണം ഫേസ്ബുക്കില്‍ മലപ്പുറം എന്നുള്ള ഹാഷ് ടാഗ് ഒഴിവാക്കില്ലെന്ന് അന്ന് സന്ദീപ് വാര്യര്‍ വാശി പിടിച്ചിരുന്നു.
‘ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകും. യൂത്ത് ലീഗിന്റെ പ്രവർത്തകർ എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.
ബിജെപിയെ നന്നാക്കാൻ ചൂരലെടുത്ത് പുറകെ നടക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു. താൻ തല്ലിയാലും അവരു നന്നാകാൻ പോകുന്നില്ല. ഇന്നു മുതൽ കോൺഗ്രസിന്റെ രാഷ്ട്രിയം ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടിയെ പിളർത്തി കൊണ്ടുവരാനല്ല താൻ കോൺഗ്രസിൽ വന്നത്. ഇപ്പോൾ ട്രെയ്‌ലറാണ് കണ്ടത് സിനിമ ബാക്കിയുണ്ടെന്നും, സന്ദീപ് വാര്യർ വ്യക്തമാക്കി.
‘ജോസഫ് മാഷിൻറെ കൈവെട്ടിയ, അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളാൻ ആക്രോശിച്ച നിരോധിത ഭീകരസംഘടന പോപ്പുലർ ഫ്രണ്ടിൻറെ രാഷ്ട്രീയ രൂപമായ എസ്‌ഡിപിഐ’പിന്തുണ നൽകിയ യുഡിഎഫിന് തന്‍റെ കൂടി പിന്തുണയർപ്പിച്ച് കൊണ്ടാണ് കെപിസിസിയുടെ നിർദേശ പ്രകാരം സന്ദീപ് വാര്യർ പാണക്കാട് സന്ദർശനം നടത്തിയത്.
നാല് വോട്ടിന് വേണ്ടി ഹിന്ദു, ക്രൈസ്തവ സമുദായങ്ങൾക്ക് നേരെ കൊലവിളി നടത്തുന്ന മതഭീകരവാദികളുമായി സഖ്യം ചേരാൻ പോലും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മടിയില്ല എന്ന് ശക്തിയുക്തം വിളിച്ചു പറഞ്ഞ സന്ദീപ് വാര്യർ ഇനി തന്‍റെ ‘മുൻ പാർട്ടി’ പാപങ്ങൾ എങ്ങനെ കഴുകിക്കളയുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here