ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടി വിശദീകരിക്കാനാവാതെ സംഘപരിവാര്‍. നരേന്ദ്രമോദി അടക്കമുളള നേതാക്കളുടെ അഹങ്കാരമാണ് പരാജയ കാരണമെന്ന നിലപാടില്‍ നിന്നും ആര്‍എസ്എസ് മലക്കം മറിഞ്ഞു. ആര്‍എസ്എസ് അജണ്ടകള്‍ക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാനും തയ്യാറല്ല. ഓഗസ്റ്റ് 31ന് ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗം കേരളത്തില്‍ നടന്നേക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. വോട്ട് ചോര്‍ച്ചയെക്കുറിച്ച് ആര്‍എസ്എസും ബിജെപിയും വിലയിരുത്തല്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നാല് ദിവസമായി കാര്യകര്‍ത്ത വികാസ് ക്യാമ്പ് നടക്കുകയാണ്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. യുപിയില്‍ എത്തിയ മോഹന്‍ ഭാഗവത് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പരാജയം അടക്കം ചര്‍ച്ച ചെയ്തു.
വാരണാസി, ഗൊരഖ്പുര്‍, കാന്‍പുര്‍, അവധ് മേഖലകളിലാണ് ക്യാമ്പ് പുരോഗമിക്കുന്നത്. യുപിയില്‍ ബിജെപിക്കുളളിലെ ഭിന്നതയും പരാജയ കാരണമായെന്ന വിലയിരുത്തലാണ് ഉയര്‍ന്നുവന്നത്. പല മണ്ഡലങ്ങളിലും സിറ്റിംഗ് എംഎല്‍എമാരും മന്ത്രിമാരും പ്രചരണത്തില്‍ സജീവമായില്ല. അയോധ്യാ രാമക്ഷേത്രം വലിയ തരംഗമായില്ല എന്നതിന്റെ തെളിവാണ് ഫൈസാബാദ് മണ്ഡലത്തിലെ പരാജയവും. ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക രോഷവും തിരിച്ചടിയായെന്നും വിലയിരുത്തുന്നു. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്ത നേതൃത്വം മോദിയുടെയും അമിത്ഷായുടെയും മേല്‍ തോല്‍വിയുടെ ഉത്തരവാദിത്വം കെട്ടിവയ്ക്കാനായിരുന്നു ആദ്യശ്രമം.
എന്നാലിത് പാര്‍ട്ടിക്കുളളില്‍ അതൃപ്തിക്ക് കാരണമായതോടെ മോഹന്‍ ഭാഗവതും ഇന്ദ്രേഷ് കുമാറും മലക്കംമറിഞ്ഞു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ബിജെപി-ആര്‍എസ്എസ് സംയുക്തയോഗം ചേരും. കേരളത്തില്‍ പാലക്കാട് നടക്കുന്ന യോഗത്തില്‍ മോഹന്‍ ഭാഗവതും ബി എല്‍ സന്തോഷും അടക്കം നേതാക്കള്‍ പങ്കെടുക്കും. ഇക്കൊല്ലവും അടുത്തവര്‍ഷവും നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ദില്ലി, ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അടിയന്തരയോഗങ്ങള്‍ നടത്താനുളള സംഘപരിവാറിന്റെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here